എറണാകുളം ജില്ലാ പഞ്ചായത്ത് 2023 – 24 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ഗ്രാമസഭാ യോഗം റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തദ്ദേശ സ്ഥാപനങ്ങളെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ട് പോകേണ്ടത് നാടിന്റെ ആവശ്യമാണെന്ന് എം.എൽ.എ പറഞ്ഞു. നൂതനമായതും കാലഘട്ടത്തിന് അനുസരിച്ച് സാധാരണക്കാരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞുമാണ് ജില്ലാ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് ഗ്രൂപ്പ് യോഗത്തിലെ നിർദ്ദേശങ്ങൾ ഗ്രാമ സഭയിൽ ചർച്ച ചെയ്ത് എടുക്കുന്ന തീരുമാനങ്ങൾ അടിസ്ഥാനമാക്കി ജനുവരി 16 ന് വികസന സെമിനാർ സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വർക്കിംഗ് ഗ്രൂപ്പ് കരട് പദ്ധതി നിർദ്ദേശങ്ങൾ ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.കെ അബ്ദുൽ റഷീദ് അവതരിപ്പിച്ചു.

യോഗത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റാണിക്കുട്ടി ജോർജ്, ആശാ സനിൽ, എം.ജെ ജോമി, കെ.ജി ഡോണോ മാസ്റ്റർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ് തുടങ്ങിയവർ പങ്കെടുത്തു.