നിയമസഭാ ചരിത്രത്തിൽ തന്നെ അപൂർവസംഭവമായ നിയമസഭാ പുസ്തകോത്സവത്തെ ദക്ഷിണേന്ത്യയിലെ തന്നെ പ്രധാനപ്പെട്ട പുസ്തകമേളയാക്കി മാറ്റുമെന്ന്  നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ഡി.ജി.പി ബി. സന്ധ്യ രചിച്ച ‘ശക്തിസീത’ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ പ്രകാശനം  നിർവഹിക്കുകയായിരുന്നു അദ്ദേഹം.  തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയിലും സർഗ്ഗാത്മകതയ്ക്കു സമയം കണ്ടെത്തുന്ന വ്യക്തിത്വമാണ് ബി. സന്ധ്യയെന്ന് സ്പീക്കർ അഭിപ്രായപ്പെട്ടു. കവിയും ഗാനരചയിതാവുമായ പ്രഭാവർമ്മ പുസ്തകം ഏറ്റുവാങ്ങി. രാവണനെ വധിച്ചത് സീതയാണെന്നും ഇത് രഹസ്യമായിരിക്കട്ടെയെന്നാണ് സീത ‘ശക്തിസീത’യിൽ പറയുന്നതെന്നും പ്രഭാവർമ്മ പുസ്തകത്തെക്കുറിച്ച് പറഞ്ഞു.

നിയമസഭയിലെ പുസ്തകോത്സവ വേദിയിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ജോർജ്ജ് ഓണക്കൂർ അധ്യക്ഷനായിരുന്നു. നിയമസഭയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമായ പുസ്തകോത്സവം കേരളത്തിന്റെ സാസ്‌കാരിക ചരിത്രത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്ന് ജോർജ്ജ് ഓണക്കൂർ അഭിപ്രായപ്പെട്ടു. വനിതാശാക്തീകരണത്തെ അടയാളപ്പെടുത്തുന്നതാണ് ‘ശക്തിസീത’യെന്നും അദ്ദേഹം പറഞ്ഞു. കുരുന്നുകളെ വായനയുടെ ലോകത്ത് കൈപിടിച്ച് നടത്തുന്നതിന് പുസ്തകോത്സവത്തിന് കഴിയട്ടെയെന്ന് ബി.സന്ധ്യ മറുപടി പ്രസംഗത്തിൽ ആശംസിച്ചു. തന്റെ പുസ്തകം വായനക്കാർ സന്തോഷത്തോടെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പുതിയ വായനക്കാരെയും പുസ്തകത്തിന് ലഭിക്കുമെന്നും ബി.സന്ധ്യ പറഞ്ഞു. എച്ച് ആൻഡ് സി പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയിരിക്കുന്ന ‘ശക്തിസീത’ എന്ന പുസ്തകത്തിൽ 30 കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.