ദേശീയ പട്ടികജാതി കമ്മീഷൻ ചൊവ്വാഴ്ച തിരുവനന്തപുരത്ത് സിറ്റിംഗ് നടത്തി 20 ലേറെ പരാതികൾ പരിഗണനയ്ക്കെടുത്തു. പോലിസിനെ സംബന്ധിച്ച പരാതികളാണ് കൂടുതൽ ലഭിച്ചതെന്ന് കമ്മീഷൻ വൈസ് ചെയർമാൻ അരുൺ ഹാൽദർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ദേശീയ കമ്മീഷൻ ഇത് രണ്ടാം തവണയാണ് കേരളത്തിൽ സിറ്റിംഗ് നടത്തുന്നത്. കോടതിയിൽ കേസ് നടത്താൻ കഴിയാത്ത പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് ഒരു വെള്ള പേപ്പറിൽ പരാതി എഴുതി നൽകി കമ്മീഷന്റെ സേവനം ലഭ്യമാക്കാമെന്ന് ഹാൽദർ പറഞ്ഞു. പരാതി പരിശോധിച്ച് ആവശ്യമെങ്കിൽ സംഭവസ്ഥലം സന്ദർശിക്കും. ബന്ധപ്പെട്ട കക്ഷികളെ സമൻസ് അയച്ച് വിളിപ്പിച്ച് ഒന്നിലേറെ തവണ ഹിയറിംഗ് നടത്തിയ ശേഷമാകും കമ്മീഷൻ തീർപ്പ് കൽപ്പിക്കുക.

ദേശീയ പട്ടികജാതി കമ്മീഷന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച വിവരം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമങ്ങൾ സഹകരിക്കണം.  ദേശീയ പട്ടികജാതി കമ്മീഷനും സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മീഷനും ഒന്നിച്ച് പ്രവർത്തിച്ചാൽ ജനങ്ങൾക്കായി ഒട്ടേറെ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി അഭിപ്രായപ്പെട്ടു.