സമൂഹത്തിന് സ്ത്രീകളോടുള്ള മനോഭാവത്തിൽ ഇനിയും മാറ്റം വരേണ്ടതുണ്ടെന്ന് എഴുത്തുകാരി കെ.ആർ മീര പറഞ്ഞു. സ്ത്രീകൾക്ക് സ്വയം തീരുമാനമെടുക്കാനുള്ള കഴിവില്ലെന്ന തെറ്റായ ധാരണ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ ഇടപെടുന്നവർ പോലും കൊണ്ടുനടക്കുന്നത് പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും അവർ പറഞ്ഞു. കേരള നിയമസഭയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഭാഗമായി എഴുത്തിന്റെയും വായനയുടേയും ജീവിതത്തെക്കുറിച്ച് കെ.ആർ മീരയുമായി എൻ.ഇ സുധീർ നടത്തിയ സംഭാഷണത്തിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മലയാള സാഹിത്യ മേഖലയ്ക്ക് ഉപകരിക്കുംവിധം കൃതികൾ എഡിറ്റ് ചെയ്യുന്നതിനായി ഒരു പത്രാധിപ സമിതി ആരംഭിക്കുന്നതിന് ലക്ഷ്യമിടുന്നുവെന്നും അവർ പറഞ്ഞു. മാധ്യമപ്രവർത്തന മേഖലയിൽ നിന്ന് എഴുത്തിലേക്ക് കടന്നുവന്നതിനെക്കുറിച്ചും പിന്നിട്ട വഴികളെക്കുറിച്ചും അവർ സംസാരിച്ചു. കെ.ആർ മീരയ്ക്കും എൻ.ഇ സുധീറിനുമുള്ള കേരള നിയമസഭാ ലൈബ്രറി നൽകുന്ന പുരസ്‌കാരം ജി സ്റ്റീഫൻ എം എൽ എ കൈമാറി. നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പങ്കെടുത്തു.