കോഴിക്കോട് ജില്ലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന എലിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തൊഴില്‍-എക്‌സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുന്നതിനായി താഴെ പറയുന്ന ചികിത്സാ സൗകര്യങ്ങള്‍ നടപ്പാക്കാന്‍ തീരുമാനിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍  85 രോഗികളെ കൂടി ചികിത്സിക്കാനുള്ള സൗകര്യം ലഭ്യമാക്കും. നിലവില്‍ 68 പേരെ ചികിത്സിക്കാനുള്ള സൗകര്യമാണുള്ളത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഡിഎംഒ ഓഫീസില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഫോണ്‍- 0495 2376100.
കോഴിക്കോട് ബീച്ച് ആശുപത്രി, വടകര, കൊയിലാണ്ടി, ഫറോക്ക് ആശുപത്രികളില്‍ എലിപ്പനി ചികിത്സക്കായി എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ഈ ആശുപത്രികളില്‍ കേന്ദ്ര സര്‍ക്കാറിന്റെ കുടുംബക്ഷേമ വകുപ്പില്‍ നിന്നും ജില്ലയിലേക്ക് നിയോഗിച്ചിരിക്കുന്ന 17 സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ഈ കേന്ദ്രങ്ങളില്‍ 15 ദിവസത്തേക്ക് ലഭ്യമാകും. സാമൂഹ്യആരോഗ്യ കേന്ദ്രങ്ങളില്‍ വൈകിട്ട് 5 മണി ഒപി പ്രവര്‍ത്തിക്കും. കൂടാതെ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച 14 കേന്ദ്രങ്ങളിലും സേവനം ലഭ്യമാണ്.
16 സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലും പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എല്ലാ ദിവസവും വൈകിട്ട് വൈകിട്ട് ആറ് മണിക്ക് ജില്ലാ കലക്ടറുടെ ചേമ്പറില്‍ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗം നടത്താനും ദിവസവും രാവിലെ 11നും വൈകിട്ട് അഞ്ചിനും പ്രസ് റിലീസ് നല്‍കാനും തീരുമാനിച്ചു. സ്വകാര്യ ആശുപത്രികളില്‍ എലിപ്പനി രോഗ ചികിത്സക്കെത്തുന്നവരുടെ റിപ്പോര്‍ട്ട് ഡിഎംഒയില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ ക്യാമ്പുകളില്‍ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പു വരുത്താന്‍ തീരുമാനിച്ചു. എലിപ്പനി പ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ രോഗ സാധ്യതാ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ നിര്‍ബന്ധമായും കഴിക്കണം. രോഗ ലക്ഷണങ്ങളായ പനി, ശരീര വേദന, കണ്ണിന് ചുവപ്പ് തുടങ്ങിയവയുണ്ടായാല്‍ സ്വയം ചികിത്സക്ക് വിധേയരാവാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടേണ്ടതാണ്.
ജില്ലാ കലക്ടര്‍ യു വി ജോസ്, ഡിഎംഒ വി ജയശ്രീ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി ആര്‍ രാജേന്ദ്രന്‍, സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ. സുനില്ഡകുമാര്‍, കോര്‍പറേഷന്‍ ഹെല്‍ത്ത് ഓഫീസര്‍ ഡോ. ആര്‍ എസ് ഗോപകുമാര്‍, കമ്യൂണിറ്റ് മെഡിസിന്‍ മേധാവി തോമസ് ബീന, ഡോ. ലൈലാബി, ഡോ. ശ്രീനാഥ്, ഡിപിഒ ഡോ. എ നവീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.