*ആലുവ സ്‌കൂൾ ഓഫ് ബ്ലൈൻഡ്സിലെ വിദ്യാർത്ഥികൾ സ്പീക്കറെ സന്ദർശിച്ചു
നിയമസഭാ സമുച്ചയത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ 123 സ്‌കൂളുകളിൽ നിന്നായി 13,000 വിദ്യാർത്ഥികൾ മേള കാണാനെത്തി. ഇന്ന് (11/01) മാത്രം 6000 കുട്ടികളാണ് മേളയുടെ ഭാഗമായത്.
ആലുവ സ്‌കൂൾ ഓഫ് ബ്ലൈൻഡ്സിലെ കാഴ്ചപരിമിതിയുള്ള കുട്ടികൾ പുസ്തകോത്സവത്തിന് എത്തിയത് വേറിട്ട അനുഭവമായി. കുട്ടികൾ സ്പീക്കർ എ.എൻ. ഷംസീറിനെ സന്ദർശിച്ചു. കുട്ടികൾക്ക് അദ്ദേഹം സമ്മാനങ്ങളും നൽകി. നിയമസഭാ അസംബ്ലി ഹാൾ, നിയമസഭാ മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല എന്നിവിടങ്ങളും കുട്ടികൾ സന്ദർശിച്ചു. വിദ്യാർത്ഥികൾക്ക് സിറ്റി ബസ്സിൽ നഗരം ചുറ്റികാണുന്നതിനുള്ള അവസരവുമൊരുക്കിയിരുന്നു.
കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 25,000 വിദ്യാർത്ഥികളും 259 സ്‌കൂളുകളുമാണ് പുസ്തകോത്സവത്തിന്റെ ഭാഗമാകാൻ ആദ്യം രജിസ്റ്റർ ചെയ്തിരുന്നത്. എന്നാൽ സ്പോട്ട് അഡ്മിഷൻ വഴി ഓരോ ദിവസം നിരവധി വിദ്യാലയങ്ങൾ പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. കേരള നിയമസഭ കാണുന്നതിനും പുസ്തകങ്ങളുടെ വിശാലമായ ലോകം അനുഭവിക്കുന്നതിനുമുള്ള വലിയ അവസരമാണ് കുരുന്നുകൾക്ക് ഇതുവഴി ലഭിക്കുന്നത്. വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും പുസ്തകങ്ങൾ വാങ്ങുന്നതിനായി പ്രത്യേക ഡിസ്‌കൗണ്ടും അനുവദിക്കുന്നുണ്ട്.