ആധുനിക കാലത്തെ തൊഴിൽ സ്വഭാവങ്ങൾക്കനുസരിച്ച് പഠന പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ ഇത്തരം കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തുമെന്നും മന്ത്രി പറഞ്ഞു. കന്നാറ്റുപാടം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യം. ഹയർ സെക്കന്ററി വിദ്യാഭ്യാസം പൂർത്തിയാക്കുന്ന എല്ലാവർക്കും അവരവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിൽ പരിശീലനത്തിനും സംരംഭകത്വ ശേഷി വർദ്ധിപ്പിക്കുന്നതിനുമുള്ള പ്രത്യേക സംവിധാനങ്ങൾ ഉറപ്പാക്കേണ്ടതായിട്ടുണ്ട്. ഓരോ കുട്ടിയുടെയും സവിശേഷത തിരിച്ചറിഞ്ഞ് അവരെ മികവിന്റെ പാതയിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെ കെ രാമചന്ദ്രൻ എംഎൽഎ ഫലകം അനാച്ഛാദനം ചെയ്തു. സ്കൂളിൽ പുതിയതായി നിർമ്മിച്ച ബാസ്കറ്റ് ബോൾ കോർട്ടിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ നിർവ്വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പ് 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം ഹയർ സെക്കന്ററി വിഭാഗത്തിനായി നിർമ്മിച്ചത്. നിലവിലുളള കെട്ടിടത്തോട് ചേർന്ന് രണ്ട് നിലകളായാണ് നിർമ്മാണം. ഒന്നാം നിലയിൽ രണ്ട് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, വരാന്ത രണ്ടാം നിലയിൽ മൂന്ന് ക്ലാസ് മുറികൾ, വരാന്ത, സ്റ്റെയർ റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ 2020-21 സ്കൂൾ പുനരുദ്ധാരണ ഫണ്ട് 15 ലക്ഷം രൂപ ചെലവഴിച്ചാണ് ബാസ്കറ്റ് ബോൾ കോർട്ട് നിർമ്മിച്ചത്.

സ്കൂൾ പരിസരത്ത് നടന്ന ചടങ്ങിൽ കെകെ രാമചന്ദ്രൻ എം എൽ എ അധ്യക്ഷത വഹിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എംആർ രഞ്ജിത്ത് സംസ്ഥാന- ജില്ലാതല കലാകായിക മത്സര വിജയികളെ ആദരിച്ചു. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ വിഎസ് പ്രിൻസ് എന്നിവർ പങ്കെടുത്തു.