ഇന്ത്യൻ തെരഞ്ഞെടുപ്പ് ചരിത്രം മുതൽ വോട്ട് രേഖപ്പെടുത്താൻ ഒരു വോട്ടർ പരമാവധി സഞ്ചരിക്കേണ്ട ദൂരം വരെ തെരഞ്ഞെടുപ്പ് അധ്യായത്തിലെ സമഗ്രമായ വിവരങ്ങൾ കോർത്തിണക്കി ഇലക്ഷൻ ക്വിസ്. പതിമൂന്നാമത് ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ വിഷയമാക്കി കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ക്വിസ് മത്സരമാണ് അറിവും ആവേശവും നിറച്ചത്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതു ചരിത്രം, വ്യക്തികൾ, വർഷങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്. ശ്രീ കേരളവർമ്മ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയായ ടി പി അമ്പിളി ഒന്നാം സ്ഥാനവും വിമല കോളേജിലെ ജലീറ്റ ജേക്കബ് രണ്ടാം സ്ഥാനവും ചാലക്കുടിയിലെ പനമ്പിള്ളി കോളേജ് വിദ്യാർത്ഥിയായ എസ് ആർ അമൃത മൂന്നാം സ്ഥാനവും നേടി.

നിലവിലെ രാജ്യത്തിന്റെ ഇലക്ഷൻ കമ്മീഷണർ ആരാണെന്ന ചോദ്യത്തിലൂടെ ആരംഭിച്ച മത്സരത്തിൽ ഇലക്ടെർസും വോട്ടേഴ്സും തമ്മിലുള്ള വ്യത്യാസം, കേരളത്തിൽ കൂടുതൽ പോളിംഗ് സ്റ്റേഷനുകൾ ഉള്ള മണ്ഡലം തുടങ്ങി നിരവധി ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് മുന്നിലെത്തി. രണ്ട് ഘട്ടങ്ങളായി വ്യക്തിഗത വിഭാഗത്തിൽ നടന്ന മത്സരത്തിൽ ജില്ലയിലെ വിവിധ കോളേജുകളിൽ നിന്ന് 19 വിദ്യാർത്ഥികളാണ് മത്സരിച്ചത്.

ജില്ലാമത്സരത്തിൽ വിജയികളായ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് ഈ മാസം 25ന് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഹുസൂർ ശിരസ്തദാർ കെ ജി പ്രാൺസിംഗ് ക്വിസ് മാസ്റ്ററായി. ക്വിസ് മത്സര വിജയികൾക്ക് ജില്ലാ കലക്ടർ ഹരിത വി കുമാർ സമ്മാനം വിതരണം ചെയ്തു.

കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മത്സരത്തിൽ ദുരന്തനിവരണം ഡെപ്യൂട്ടി കലക്ടർ കെ എസ് പരീത്, ഇലഷൻ ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, കലക്ട്രേറ്റ് ഇലക്ഷൻ വിഭാഗം ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.