വിദ്യാഭ്യാസ ശാക്തീകരണ ക്യാമ്പയിന് തുടക്കം

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കാനുള്ള കര്‍മ്മ പദ്ധതി ആവിഷ്ക്കരിച്ച് കുന്നംകുളം നഗരസഭ. ‘വിജയതീരം തേടി ഒപ്പം 100 ല്‍ 100’ എന്ന വിദ്യാഭ്യാസ ശാക്തീകരണ ക്യാമ്പയിനാണ് ഇതിന്റെ ഭാഗമായി ആരംഭിച്ചത്. പഠന സമയം കഴിഞ്ഞ് ഒന്നര മണിക്കൂര്‍ അധിക സമയം കൂടി സ്കൂളുകളില്‍ കുട്ടികളെ അധ്യാപകര്‍ പഠിപ്പിക്കും. നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി ഈ അധ്യയന വര്‍ഷം മുഴുവനുമുണ്ടാകും.

ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ററി സ്കൂള്‍, വി എച്ച് എസ് ഇ, ഗവ. ഗേള്‍സ് ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഏഴ് ലക്ഷം രൂപയാണ് ഇതിനായി നഗരസഭ നീക്കിവെച്ചിട്ടുള്ളത്.

പദ്ധതിയുടെ ഉദ്ഘാടനം എ സി മൊയ്തീന്‍ എം എല്‍ എ ഗവ. മോഡല്‍ ബോയ്സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിച്ചു. കുട്ടികളുടെ പഠനമികവിന് രക്ഷിതാക്കള്‍ക്കൊപ്പം സമൂഹത്തിനും ഇടപെടലുകള്‍ ആവശ്യമായ കാലഘട്ടമാണിതെന്നും സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പദ്ധതികൾ നടപ്പാക്കിയെന്നും എംഎല്‍എ പറഞ്ഞു. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

വൈസ് ചെയര്‍പേഴ്സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി എം സുരേഷ്, സജിനി പ്രേമന്‍, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി കെ ഷെബീര്‍, കൗണ്‍സിലര്‍മാരായ ബിജു സി ബേബി, വി കെ സുനില്‍കുമാര്‍, നഗരസഭ സെക്രട്ടറി വി എസ് സന്ദീപ് കുമാര്‍, അധ്യാപകരായ എം കെ ആനന്ദ്കുമാര്‍, പി ഐ റസിയ, എം കെ സോമന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.