സർഗസൃഷ്ടികൾ രൂപപ്പെടുന്നതിന് ലഹരി ആവശ്യമില്ലെന്ന സന്ദേശം മുന്നോട്ട് വെച്ച് ‘സിനിമയും എഴുത്തും’ ചർച്ച. നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് ചർച്ച നടന്നത്. ആശയം മുന്നോട്ടുവെച്ച കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എയുടെ അഭിപ്രായത്തോട് മറ്റുള്ളവരും യോജിച്ചു. സർഗാത്മകത നിറഞ്ഞ സിനിമകൾ ജനിക്കണമെങ്കിൽ ആത്യന്തികമായി വേണ്ടത് സ്വബോധത്തോടെയുള്ള ചിന്തകളാണെന്നും ഗണേഷ് കുമാർ പറഞ്ഞു. എന്നാൽ ലഹരി ഉപയോഗത്തിലൂടെ മികച്ച സിനിമയും അനുബന്ധ സൃഷ്ടികളുമുണ്ടാകുന്നുവെന്ന തെറ്റായ ധാരണ നിലനിൽക്കുന്നത് ദുഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഴയതും പുതിയതുമായ മലയാള സിനിമകൾ എക്കാലവും സൂക്ഷിക്കാൻ കഴിയുന്ന സംവിധാനം സർക്കാർ തലത്തിൽ ഉണ്ടാകണമെന്നും എം എൽ എ അഭിപ്രായപ്പെട്ടു. ഡിജിറ്റൽ കോപ്പികൾ നഷ്ടമായാൽ വീണ്ടെടുക്കുന്നതിനുള്ള സംവിധാനമുണ്ടെങ്കിൽ മാത്രമേ വരും തലമുറയ്ക്ക് എക്കാലത്തെയും സിനിമകൾ കാണാൻ സാധിക്കൂ.

സ്വതസിദ്ധമായ ശൈലിയിൽ നർമം കലർത്തിയുള്ള മണിയൻപിള്ള രാജുവിന്റെ സിനിമ- ജീവിതാനുഭവങ്ങൾ വേദിയിൽ ചിരി പടർത്തി.  നല്ല സിനിമയ്ക്ക് വർഷങ്ങളെടുത്ത് തയ്യാറാക്കിയ തിരക്കഥ വേണമെന്ന് നിർബന്ധമില്ല. പലപ്പോഴും പെട്ടെന്ന് സംവിധായകന്റെ മനസ്സിൽ തോന്നുന്ന ആശയങ്ങളാണ് എക്കാലവും ഓർമ്മിക്കപ്പെടുന്ന സിനിമാ ഭാഗങ്ങളായി മാറുന്നതെന്നും മണിയൻ പിള്ള രാജു പറഞ്ഞു.

സാഹിത്യം സിനിമയിൽ നഷ്ടപ്പെടുന്നുവോ എന്ന ചോദ്യത്തിന്  തലമുറ വ്യത്യാസം സിനിമയിലും വന്നിട്ടുണ്ട് എന്നായിരുന്നു മറുപടി. പ്രേക്ഷകരുടെ ആസ്വാദന നിലവാരം വ്യത്യാസപ്പെട്ടത് വലിയ ഘടകമാണ്. എല്ലാ ഭാഷകളിലെയും സിനിമകളിൽ ഈ വ്യത്യാസം സംഭവിച്ചിട്ടുണ്ട്. സിനിമയിലെ ഭാഷ, ശൈലി എന്നിവയും വ്യത്യാസപ്പെട്ടു.

അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടിവ് അംഗം ടിനി ടോം, സംവിധായകൻ വിപിൻ ദാസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. മണിയൻപിള്ള രാജു എഴുതിയ ‘ചിരിച്ചും ചിരിപ്പിച്ചും’ എന്ന പുസ്തകം വേദിയിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പ്രകാശനം ചെയ്തു. കെ ബി ഗണേഷ് കുമാർ എം എൽ എ പുസ്തകം ഏറ്റുവാങ്ങി. ഡി.സി ബുക്സാണ് പ്രസാധകർ.