മലയാള സാഹിത്യത്തിൽ സാന്നിധ്യം അറിയിച്ച് ഇന്ത്യയിലെ തുർക്കി അംബാസഡർ ഫിരാത് സുനെൽ. പതിമൂന്ന് വർഷം മുമ്പ് അദ്ദേഹം എഴുതിയ നോവലിന്റെ മലയാള പരിഭാഷ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വ്യാഴാഴ്ച പ്രകാശനം ചെയ്തു. ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ’ എന്ന കൃതിയുടെ പ്രകാശനം ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.  മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ ആദ്യ പ്രതി സ്വീകരിച്ചു. രണ്ടാം ലോക യുദ്ധകാലത്ത് തുർക്കിയിൽ നിന്ന് പലായനം ചെയ്യേണ്ടി വന്ന മനുഷ്യരുടെ ദുരിതങ്ങളിലൂടെ യുദ്ധം മനുഷ്യരാശിക്ക് ഏൽപ്പിക്കുന്ന ക്ഷതങ്ങളുടെ നേർചിത്രം വരച്ചിടുന്ന കൃതിയാണ് ‘ഇലപൊഴിയും മരത്തിന്റെ നിഴലുകളിൽ’.