ഭക്തജനങ്ങള്‍ക്ക് ദര്‍ശന സായൂജ്യമേകാന്‍ മകരജ്യോതി തെളിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ജനുവരി 14 ശനിയാഴ്ചയാണ് മകരവിളക്ക്. ജ്യോതി ദര്‍ശനത്തിന് മണിക്കൂറുകള്‍ ശേഷിക്കേ ശബരിമല അയ്യപ്പസന്നിധിയില്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
വെള്ളിയാഴ്ച നെയ്യഭിഷേകം രാവിലെ 11 മണിക്ക് അവസാനിക്കും. തുടര്‍ന്ന് മകരവിളക്കിന് മുന്നോടിയായുള്ള ബിംബ ശുദ്ധിക്രിയകള്‍ തന്ത്രി കണ്ഠരര് രാജീവരുടെ നേതൃത്വത്തില്‍ നടക്കും. 12.30ന് 25 കലശപൂജയും തുടര്‍ന്ന് കളഭാഭിഷേകവും നടക്കും.
മകരവിളക്ക് ദിവസം അയ്യപ്പനെ അണിയിക്കാനുള്ള തിരുവാഭരണങ്ങളുമായി പന്തളം കൊട്ടാരത്തില്‍നിന്ന് പരമ്പരാഗത പാതയിലൂടെ കാല്‍നടയായി എത്തുന്ന ഘോഷയാത്രാ സംഘത്തെ ശനിയാഴ്ച വൈകീട്ട് 5.30ന് ശരംകുത്തിയില്‍വെച്ച് സ്വീകരിക്കും. ദേവസ്വം ബോര്‍ഡ് നിയോഗിച്ച ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരുവാഭരണങ്ങള്‍ സ്വീകരിച്ച് താള വാദ്യമേളങ്ങളോടെ ക്ഷേത്രത്തിലേക്ക് ആനയിക്കും. തിരുവാഭരണപ്പെട്ടി കൊടിമര ചുവട്ടില്‍വെച്ച് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍, ബോര്‍ഡ് മെമ്പര്‍ അഡ്വ. എം.എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഔദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്ന് ശ്രീകോവിലേക്ക് ആചാരപൂര്‍വം ആനയിക്കും.
6.30ന് അയ്യപ്പന് തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടക്കും. മകരജ്യോതി ദര്‍ശനം ദീപാരാധനയോട് അനുബന്ധിച്ചു നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 8.45ന് മകരസംക്രമ പൂജയും നടക്കും. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍നിന്ന് കൊണ്ടുവന്ന നെയ്ത്തേങ്ങ പൊട്ടിച്ച് അഭിഷേകം ചെയ്യും. തുടര്‍ന്ന് തിരുവാഭരണങ്ങള്‍ അണിഞ്ഞുള്ള ദര്‍ശനം നടക്കും.
14ന് ഉച്ചയ്ക്ക് 12 മണി വരെ മാത്രമായിരിക്കും ഭക്തര്‍ക്ക് ശബരിമല സന്നിധാനത്തേക്ക് പ്രവേശനം. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും തിരക്ക് നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ പോയിന്റുകളിലും ശക്തമായ സുരക്ഷയൊരുക്കിയിട്ടുണ്ട്.