തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് ഇന്ന് (ജനുവരി -13) തുടക്കമാകും. ഇന്ന് മുതല്‍ ജനുവരി 16 വരെയാണ് മേള. ഇന്ന് വൈകിട്ട് 5 മണിക്ക് കന്യാകുളങ്ങരയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഡി. കെ. മുരളി എം.എല്‍.എ മുഖ്യാതിഥിയാകും. നാല് മണിക്ക് കന്യാകുളങ്ങര ഗ്രാന്റ് ഓഡിറ്റോറിയത്തില്‍ നിന്ന് സമ്മേളന വേദിയിലേക്ക് മാര്‍ച്ച് പാസ്റ്റ് നടക്കും. സമാപന സമ്മേളനം ജനുവരി 16 ന് വൈകിട്ട് 5 മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ അധ്യക്ഷനാകും. വി.കെ.പ്രശാന്ത് എം.എല്‍.എ മുഖ്യാതിഥിയാകും.
കബഡി മത്സരം കന്യാകുളങ്ങര, ഫുട്ബോള്‍ ലൂര്‍ദ് മൗണ്ട് എച്.എസ്.എസ്. ഗ്രൗണ്ട്, ക്രിക്കറ്റ് കരകുളം വി.എച്.എസ്.എസ് ഗ്രൗണ്ട്, വോളിബോള്‍ വേങ്കോട് എന്നിങ്ങനെ നാല് വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളും നാല് മുന്‍സിപ്പാലിറ്റികളും തിരുവനന്തപുരം കോര്‍പ്പറേഷനും മത്സരങ്ങളില്‍ പങ്കെടുക്കും. കബഡി മത്സരം ഇന്ന് (ജനുവരി 13) വൈകിട്ട് 7 മണിക്കും വോളിബോള്‍ നാളെ വൈകിട്ട് 4 മണിക്കും ഫുട്ബോള്‍ നാളെ രാവിലെ 8 മണിക്കും ക്രിക്കറ്റ് 15 ന് രാവിലെ 8 മണിയ്ക്കുമാണ് ആരംഭിക്കുക.