അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി പൊതു വിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസ – തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാനത്തെ ഭൂരിഭാഗം വിദ്യാലയങ്ങളും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറെ മുന്നിലാണ്. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞവും വിദ്യാകിരണം പദ്ധതിയും കൊണ്ടുവന്ന മാറ്റങ്ങള്‍ ചെറുതല്ലെന്നും മന്ത്രി കുട്ടിചേര്‍ത്തു. കുട്ടികളുടെ ആരോഗ്യം-വിദ്യാഭ്യാസമാണ് സര്‍ക്കാരിന്റെ നേട്ടം. ജാതിമത വര്‍ഗീയത ചിന്തകള്‍ക്കതീതമായി മനുഷ്യ സ്‌നേഹത്തിന്റെയും മതേതരത്വത്തിന്റെയും സന്ദേശം കുട്ടികളില്‍ വളര്‍ത്തണം. വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യം മികവുറ്റതാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം സ്‌കൂളിന് മുതല്‍ക്കൂട്ടാകുമെന്നും മന്ത്രി പറഞ്ഞു.

ഓരോ കുട്ടിയും തന്റെ കുട്ടിയാണെന്നുള്ള ബോധ്യം അധ്യാപകര്‍ക്ക് ഉണ്ടാകണം. കഴിഞ്ഞ വര്‍ഷങ്ങളിലായി 3000 കോടി രൂപയാണ് സര്‍ക്കാര്‍ സ്‌കൂളുകളുടെ നിര്‍മ്മാണത്തിനായി മാറ്റിവച്ചതെന്നും 10.5 ലക്ഷത്തോളം പുതിയ കുട്ടികളാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനം നേടിയതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി ചെലവില്‍ കില – പി.എം.യു(പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ്) മേല്‍നോട്ടത്തിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മൂന്ന് നിലകളിലായി ഒന്‍പത് ക്ലാസ് മുറികളാണ് കെട്ടിടത്തിലുള്ളത്. ഒറ്റപ്പാലം നിയോജകമണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ മാനത്തോളത്തിന്റെ  ലോഗോ പ്രകാശനം മന്ത്രി നിര്‍വഹിച്ചു.

കടമ്പഴിപ്പുറം ഗവ യു.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനായി. വി.കെ ശ്രീകണ്ഠന്‍ എം. പി മുഖ്യാതിഥിയായി. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, പാലക്കാട് ഡി.ഡി.ഇ പി.വി മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശാസ്തകുമാര്‍, പ്രധാനാധ്യാപകന്‍ എം.പി ഗോപാലകൃഷ്ണന്‍, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.