ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു

ആശുപത്രിയിലെത്താതെ രോഗികൾക്ക് വീട്ടിലിരുന്ന് സൗജന്യ ഡയാലിസിസ് ചെയ്യാൻ കഴിയുന്ന പെരിറ്റോണിയൽ ഡയാലിസിസ് സംസ്ഥാന വ്യാപകമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ ആരംഭിച്ച നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി കൂടുതൽ വിപുലപ്പെടുത്താൻ സന്നദ്ധ സംഘടനകൾ, സ്വകാര്യ- സഹകരണ ആശുപത്രികൾ എന്നിവയുടെ സഹായ സഹകരണം ആവശ്യമാണ്. വൃക്കരോഗികൾക്കും അവരെ പരിചരിക്കുന്നവർക്കും സർക്കാർ പിന്തുണ നൽകുന്നുണ്ട്. 92 ആശുപത്രികളിലായി പ്രതിമാസം 40,000 ത്തോളം രോഗികൾക്ക് ഹീമോ ഡയാലിസിസ് നൽകി വരുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ചെയ്യാൻ ഗുരുവായൂർ ദേവസ്വത്തിന് കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഗുരുവായൂരിലെ സൗജന്യ ഡയാലിസിസ് കേന്ദ്രം കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

ഗുരുവായൂർ നഗരസഭയിലെ ബ്രഹ്മ കുളത്താണ് 65 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഡയാലിസിസ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ഒരു ദിവസം എട്ടുപേർക്കും മാസം ഇരുന്നൂറ് പേർക്കും ഡയാലിസിസ് നടത്താം. ഒരു വർഷം 2400 നിർധന രോഗികൾക്ക് ഡയാലിസിസ് സേവനം നൽകാനാകും. ഡയാലിസിസ് കേന്ദ്രത്തിലേക്ക് രണ്ട് വിദഗ്ധ നേഴ്സുമാരുടെ സേവനവും മാസം ഒരു ലക്ഷം രൂപയുടെ മരുന്നും ദേവസ്വം നൽകും.

ഗുരുവായൂർ മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എംഎൽഎ മുഖ്യാതിഥിയും ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്

വിശിഷ്ടാതിഥിയുമായി. ദേവസ്വം ചെയർമാൻ ഡോ.വി കെ വിജയൻ സ്വാഗതവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ നന്ദിയും പറഞ്ഞു.ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എൻ ആനന്ദകുമാർ പദ്ധതി വിശദീകരിച്ചു. വാർഡ് കൗൺസിലർമാരായ ഷിൽവ ജോഷി,ശോഭാ ഹരി നാരായണൻ , ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്റ്റേറ്റ് കോർഡിനേറ്റർ അനന്തു കൃഷ്ണൻ ദേവസ്വം ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.