സര്‍ക്കാര്‍ നിര്‍ദേശപ്രകാരം തദ്ദേശഭരണസ്ഥാപനങ്ങള്‍ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പരിപാടികള്‍ യുവാക്കള്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്കുള്ള തൊഴില്‍ പരിശീലനപദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. പരിശീലന പരിപാടിയിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് വിജ്ഞാനം വര്‍ധിപ്പിക്കാനും കഴിവ് തെളിയിച്ച് തൊഴില്‍ സാധ്യത വര്‍ധിപ്പിക്കാനും സാധിക്കും. സാങ്കേതിക പരിജ്ഞാനം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്‍കുന്ന അഭിമാനകരമായ പദ്ധതിയാണ്  പരിശീലന പരിപാടിയെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ പ്രധാനപ്പെട്ട പദ്ധതിയായ തൊഴില്‍ പരിശീലന പരിപാടിയുടെ ആദ്യ നിയമന ഉത്തരവ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ എസ്. ആര്യയ്ക്കും നഴ്‌സിംഗ് വിഭാഗത്തില്‍ എ. അനൂപിനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  നല്‍കി. വിവിധ തൊഴിലധിഷ്ടിത കോഴ്‌സുകള്‍ പഠിച്ച ഉദ്യോഗാര്‍ഥികള്‍ക്ക് തദ്ദേശഭരണവകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിലും സര്‍ക്കാര്‍ ആശുപത്രികളിലും സ്റ്റെപ്പന്റോടുകൂടി രണ്ട് വര്‍ഷത്തെ പരീശീലനം ലഭിക്കും.ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പരിശീലനകാലത്ത് 7000 മുതല്‍ 10,000 രൂപവരെ സ്റ്റെപ്പന്റായി ലഭിക്കും. ജില്ലാ പഞ്ചായത്തില്‍ ലഭിച്ച 80 അപേക്ഷകളില്‍ ആദ്യഘട്ടത്തില്‍ 47 പേര്‍ക്കാണ് ഉത്തരവ് നല്‍കിയത്. എഞ്ചിനിയറിംഗ് ബിരുദധാരികളായ 34 പേര്‍ക്കും നഴ്‌സിംഗ് പൂര്‍ത്തിയാക്കിയ 13 പേര്‍ക്കും രണ്ടു വര്‍ഷത്തെ പരിശീലനം ലഭിക്കും. ഇതിനായി ജില്ലാ പഞ്ചായത്ത് 1.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള ജില്ലാ പഞ്ചായത്തിന്റെ പഠനമുറി നിര്‍മാണ പദ്ധതിയിലൂടെ 20 പേര്‍ക്ക് ഒന്നാംഗഡുവിന്റെ വിതരണവും നടന്നു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന പ്രഭ, പൊതുമരാമത്ത്കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ലേഖ സുരേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജോര്‍ജ് എബ്രഹാം, ജെസി അലക്‌സ്, മായാ അനില്‍കുമാര്‍, രാജി പി. രാജപ്പന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി. മുരളീധരന്‍ നായര്‍, ജില്ലാ പട്ടികജാതി ഓഫീസര്‍ ആര്‍. രഘു, വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.