പാല്‍ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കണമെന്ന് വാഴൂര്‍ സോമന്‍ എം എല്‍ എ പറഞ്ഞു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വളകോട് മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെയും മൊബൈല്‍ വെറ്റിനറി യൂണിറ്റുകളുടെയും ഉപ്പുതറ ഗ്രാമപഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് വിവിധ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മായം ചേര്‍ത്ത പാല്‍ ആണ് കൂടുതലും അന്യസംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നത്. കൂടുതല്‍ പാല്‍ നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന രീതിയിലേക്ക് വളരണം. ആധുനികമായ രീതിയില്‍ തീറ്റപുല്‍ കൃഷി നടത്താനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന, ദേവികുളം ബ്ലോക്കുകള്‍ക്കുള്ള മൊബൈല്‍ വെറ്റിനറി യൂണിറ്റുകളുടെ താക്കോല്‍ ദാനവും ഫ്‌ലാഗ് ഓഫ് കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു.

വളകോട് എസ് എന്‍ ഡി പി യോഗം ഹാളില്‍ നടന്ന ചടങ്ങിന് ഉപ്പുതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് അധ്യക്ഷത വഹിച്ചു. ചീഫ് വെറ്റിനറി ഓഫിസര്‍ ഇന്‍ ചാര്‍ജ് ഡോ ബിജു ജെ. ചെമ്പരത്തി പദ്ധതി വിശദീകരിച്ചു. പള്ളിവക വാടക കെട്ടിടത്തിലാണ് വളകോട് മൃഗാശുപത്രി പ്രവര്‍ത്തിച്ചിരുന്നത്. 2019 – 20 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തി ഉപ്പുതറ ഗ്രാമപഞ്ചായത്ത് ലഭ്യമാക്കിയ 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്.

കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സൗകര്യം എത്തിക്കുന്നതിന് കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍ സംയുക്തമായി നടപ്പിലാക്കുന്നതാണ് മൊബൈല്‍ വെറ്റിനറി യൂണിറ്റുകള്‍. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 4.64 കോടി രൂപ ചിലവിട്ടാണ് സംസ്ഥാനത്ത് 29 വാഹനങ്ങളും ഉപകരണങ്ങളും വാങ്ങിയത്. ഒരു വാഹനം അടക്കമുള്ള മൊബൈല്‍ വെറ്റിനറി ക്ലിനിക്ക് യൂണിറ്റിന്റെ ചെലവ് 16 ലക്ഷം രൂപയാണ്. വെറ്റിനറി സര്‍ജന്‍, പാരവെറ്റ്, ഡ്രൈവര്‍ കം അറ്റന്റന്റ് എന്നിവര്‍ ഓരോ യൂണിറ്റിലും ഉണ്ടാകും. ചെറുതും വലുതുമായ ശസ്ത്രക്രിയകള്‍, കൃത്രിമ ബീജദാനം, മിനി ലാബ്, കൗലിഫ്റ്റര്‍, കാഫ്പുള്ളര്‍, അത്യാവശ്യം മരുന്നുകള്‍ എന്നീ സൗകര്യങ്ങളുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍ സെന്റര്‍ സംവിധാനവുമുണ്ട്. സംശയ ദുരീകരണം മുതല്‍ ചികിത്സ വരെയുള്ള സേവനം ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറിലൂടെ കര്‍ഷകര്‍ക്ക് ലഭിക്കും.

പോത്തുകുട്ടി വിതരണ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ടി. മനോജ് നിര്‍വഹിച്ചു. മില്‍ക്ക് ഇന്‍സെന്റീവ് വിതരണ ഉദ്ഘാടനം ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് നിര്‍വഹിച്ചു. ഗോവര്‍ദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആശ ആന്റണിയും, ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഭവ്യ കണ്ണനും നിര്‍വഹിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തിന് 16,000/ രൂപ വിലയുള്ള ഓരോ പോത്തുകുട്ടിയെ 100% സബ്‌സിഡിയുടെ വാങ്ങി കൊടുക്കുന്ന പദ്ധതിയാണ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് വിഭാവനം ചെയ്തത്. ഇപ്രകാരം 56 ഗുണഭോക്താക്കള്‍ക്കായി ആകെ 9 ലക്ഷം രൂപ വകയിരുത്തി. പട്ടികജാതി വിഭാഗത്തിന് 16,000/ രൂപ വിലയുള്ള ഓരോ പോത്തുകുട്ടിയെ 75% സബ്‌സിഡിയോടെ വാങ്ങി കൊടുക്കുന്ന പദ്ധതിയില്‍ 70 ഗുണഭോക്താക്കള്‍ക്കായി 8,50,000 രൂപയാണ് പഞ്ചായത്ത് വിനിയോഗിച്ചത്. മൃഗ സംരക്ഷണ വകുപ്പിന്റെ 2022-23 വര്‍ഷത്തെ പ്ലാന്‍ പദ്ധതി പ്രകാരമുള്ള കിടാവ് ഒന്നിന് 12,500 രൂപ സബ്‌സിഡിയോട്കൂടി 100 കിടാക്കള്‍ക്ക് തീറ്റ കൊടുക്കുന്ന പദ്ധതിയാണ് ഗോവര്‍ദ്ധിനി കന്നുകുട്ടി പരിപാലനം. ആറ് ആട്ടിന്‍കുഞ്ഞുങ്ങളെ ഒന്നിന് 5,000 രൂപ പ്രകാരം ഇന്‍ഷ്വര്‍ ചെയ്യുമ്പോള്‍ 25,000 രൂപ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണ് ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ്.

പോത്തുകുട്ടി പരിപാലനത്തില്‍ 4 സെക്ഷനുകളിലായി സെമിനാര്‍ നടത്തി. അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയ്‌മോള്‍ ജോണ്‍സണ്‍, ജില്ലാ മൃഗ സംരക്ഷണ ഓഫിസര്‍ ഡോ. ബിനോയ് പി മാത്യു, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.