സാധാരണക്കാർക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്നാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതു വിതരണ ഉപഭോക്തൃകാര്യ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി ജി ആർ അനിൽ. നല്ലളത്ത് പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സൂപ്പർ സ്റ്റോറിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
റേഷൻ കടകളെ ആശ്രയിക്കുന്ന ആളുകളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. റേഷൻ കടകളെ ആധുനിക വത്കരിക്കുന്നതിലൂടെയും സ്മാർട്ട് കാർഡ് അനുവദിക്കുന്നതിലൂടെയും പൊതുവിതരണം സുഗമമാക്കുമെന്നും അതിന്റെ പ്രയോജനം സാധാരണക്കാർക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. നിലവിൽ സബ്സിഡി സാധനങ്ങൾക്ക് വില വർദ്ധിപ്പിക്കാതെയും മറ്റു നിത്യോപയോഗ സാധനങ്ങൾ മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലുമാണ് പൊതുജനങ്ങൾക്ക് നൽകി വരുന്നതെന്ന് മന്ത്രി പറഞ്ഞു. കൗൺസിലർ മൈമൂന ടീച്ചർ ആദ്യ വില്പന നിർവ്വഹിച്ചു. കൗൺസിലർ റഫീന അൻവർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ആശംസ അറിയിച്ചു. സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ.സഞ്ജീബ് പട്ജോഷി ഐപിഎസ് സ്വാഗതവും ഡിപ്പോ മാനേജർ കെ.കെ രജനി നന്ദിയും പറഞ്ഞു.