2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ യോഗം ചേര്‍ന്നു. യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി അധ്യക്ഷത വഹിച്ചു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പദ്ധതി വിഹിതമായി ലഭിക്കുന്ന തുകയും ഓരോ വികസന മേഖലയ്ക്കും നീക്കി വെക്കുന്ന വിഹിതം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി. വിജോള്‍ അവതരിപ്പിച്ചു. പദ്ധതി ആസൂത്രണത്തില്‍ ഊന്നല്‍ നല്‍കേണ്ട കാര്യങ്ങള്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി.പി. ബാലചന്ദ്രന്‍ വിവരിച്ചു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ ചെയര്‍പേഴ്‌സണ്‍മാരും ഘടകസ്ഥാപന മേധാവികള്‍ കണ്‍വീനര്‍മാരുമായ വര്‍ക്കിങ്ങ് ഗ്രൂപ്പുകള്‍ പ്രത്യേകം ചര്‍ച്ച നടത്തി നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ചു. സാമൂഹ്യനീതിയും തുല്യതയും ഉറപ്പുവരുത്തുന്ന കരട്പദ്ധതി നിര്‍ദ്ദേശങ്ങള്‍ വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ തയ്യാറാക്കി. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗീകരിക്കുന്ന പദ്ധതികള്‍ ബ്ലോക്ക് ഗ്രാമസഭയില്‍ അവതരിപ്പിച്ച് അംഗീകാരം നേടിയ ശേഷം വികസന സെമിനാറില്‍ അവതരിപ്പിക്കും. ജനുവരി 30 നു മുമ്പായി പദ്ധതി രേഖ ജില്ലാ ആസൂത്രണ സമിതിക്ക് സമര്‍പ്പിക്കാന്‍ വര്‍ക്കിംഗ് ഗ്രൂപ്പ് യോഗത്തില്‍ ധാരണയായി.

ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി. കല്യാണി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.കെ അമീന്‍, ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എം.കെ ജയന്‍, പ്ലാന്‍ കോഡിനേറ്റര്‍ എ.വി റോഷ്‌നി തുടങ്ങിയവര്‍ സംസാരിച്ചു.