വിദ്യാർത്ഥികൾക്കായി നീന്തൽ പരിശീലനവുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്. 2022 – 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നീന്തൽ പരിശീലനം നൽകുന്നത്. ശനി,ഞായർ ദിവസങ്ങളിലായി പഞ്ചായത്തിലെ തിരഞ്ഞെടുത്ത രണ്ട് കേന്ദ്രങ്ങളിലാണ് പരിശീലനം നൽകുക.
ഒന്നാം വാർഡിലുള്ള കൽപ്പത്തൂരിലെ നീലയത്ത് കുളം, പന്ത്രണ്ടാം വാർഡിലെ കൈതക്കലിലുള്ള പുളിക്കൂൽ കുളം എന്നിവടങ്ങളിലായാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. 9, 10, ക്ലാസ്സുകളിൽ പഠിക്കുന്ന ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമാണ് നീന്തൽ പരിശീലനം. നീന്തലിൽ പ്രാഗത്ഭ്യം തെളിയിച്ചവരെ അഭിമുഖം നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. 1,2,3,16,17 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് നീലയത്ത് കുളത്തിലും നാല് മുതൽ 15 വരെ വാർഡുകളിലുള്ള വിദ്യാർത്ഥികൾക്ക് പുളിക്കൂൽ കുളത്തിലുമാണ് പരിശീലനം നൽകുന്നത്.