അശ്വമേധം- കുഷ്ഠരോഗ നിര്‍ണയ തുടര്‍നിരീക്ഷണ പരിപാടിയുടെ അഞ്ചാം ഘട്ടത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഭവന സന്ദര്‍ശനവും ചെട്ടികാട് ആര്‍.എച്ച്.ടി.സി.യില്‍ അര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ നിര്‍വഹിച്ചു. 31 വരെയാണ് അശ്വമേധം കാംപയിന്‍ നടക്കുന്നത്. മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി. സംഗീത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കുഞ്ഞുമോള്‍ ഷാജി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ വീടുകളിലും ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും കുഷ്ഠരോഗത്തിന് സമാനമായ ലക്ഷണമുള്ള ആളുകളെ കണ്ടെത്തി അവര്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും. രോഗികള്‍ക്ക് തുടര്‍ ചികിത്സയും ഉറപ്പാക്കും. ഭവന സന്ദര്‍ശനത്തിനായി 6,102 സന്നദ്ധ സേവകരെയും ജില്ലയില്‍ സജ്ജമാക്കിക്കിയിട്ടുണ്ട്. 611 സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പടെയാണിത്.

വായുവിലൂടെയാണ് കുഷ്ഠരോഗം പകരുന്നത്. തൊലിപ്പുറത്ത് നിറം മങ്ങിയതോ ചുവപ്പു നിറമുള്ളതോ ആയ സ്പര്‍ശനശേഷി കുറഞ്ഞ പാടുകള്‍, തടിപ്പുകള്‍, ചൊറിച്ചിലില്ലാത്ത പാടുകള്‍, തടിച്ചതും തിളക്കം ഉള്ളതുമായ ചര്‍മം, വേദനയില്ലാത്ത കൈകാലുകളിലെ മരവിപ്പ് എന്നിവ അനുഭവപ്പെട്ടാല്‍ ഭവന സന്ദര്‍ശനം നടത്തുന്ന ആരോഗ്യ പ്രവര്‍ത്തകരോട് വിവരം പറയണം.

ചടങ്ങില്‍ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജെ. ഇമ്മാനുവല്‍, പഞ്ചായത്ത് അംഗം ലളിത വിദ്യാധരന്‍, ജില്ല ലെപ്രസി ഓഫിസര്‍ ഡോ. അനു വര്‍ഗീസ്, ആര്‍.എച്ച്.ടി.സി. ചെട്ടികാട് മെഡിക്കല്‍ ഓഫിസര്‍ ഡോ.എല്‍. അര്‍ച്ചന, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വൈ. സാദിക്ക്, അസി. ലെപ്രസി ഓഫിസര്‍മാരായ ബേബി തോമസ്, മോഹനന്‍ പിള്ള, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.