ഒന്ന് മുതല്‍ 19 വയസ് വരെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വിര നിര്‍മ്മാര്‍ജ്ജന ഗുളിക സൗജന്യമായി നല്‍കുന്ന ദേശീയ വിര വിമുക്ത ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം നടന്നു. വിരബാധിതരായ കുട്ടികള്‍ പോഷണക്കുറവും വിളര്‍ച്ചയുംമൂലം ക്ഷീണിതരാവും. അവരുടെ പഠനമികവിനേയും കായികശേഷിയേയും ഇത് പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് ഒഴിവാക്കാനാണ് ഒന്നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂളുകളിലൂടെയും അങ്കണവാടികളിലൂടെയും വിര നിര്‍മ്മാര്‍ജന ഗുളികയായ ആല്‍ബന്റാസോള്‍ നല്‍കുന്നത്. പത്തിരിപ്പാല ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ. ഷാബിറ നിര്‍വഹിച്ചു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അനിത അധ്യക്ഷയായി.
ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. അനിത വിഷയാവതരണം നടത്തി. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം അബ്ദുള്‍ പി.എസ് മുത്തലീഫ്, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.വി സ്വാമിനാഥന്‍, മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം എ.എ ഷിഹാബ്, കോങ്ങാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എം.ആര്‍ ലീനാകുമാരി, പി.ടി.എ പ്രസിഡന്റ് ടി.ആര്‍ ശശി, പ്രധാനധ്യാപിക അനിത, ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ. സെല്‍വരാജ്, മണ്ണൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. പി.എന്‍ ലത എന്നിവര്‍ സംസാരിച്ചു.