ജില്ലയിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ജില്ലാ വികസന കമ്മീഷണർ ചേതൻ കുമാർ മീണയാണ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.

ജില്ലയിൽ ഭക്ഷ്യ വിഷബാധ മൂലം ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ആരോഗ്യം, ഭക്ഷ്യസുരക്ഷ എന്നിവക്ക് പുറമേ തദ്ദേശ സ്വയംഭരണം, റവന്യൂ, പൊലീസ് തുടങ്ങി ബന്ധപ്പെട്ട മുഴുവൻ വകുപ്പുകളെയും ഉൾപ്പെടുത്തി സംയുക്ത പരിശോധന നടത്തും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കും.

നിശ്ചിത ലക്ഷ്യം നൽകി പരിശോധന കൂടുതൽ കാര്യക്ഷമമാക്കാനാണ് ലക്ഷ്യമിടുന്നത്. നിയമ ലംഘകർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും. ഇതോടൊപ്പം ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. ഇക്കാര്യങ്ങൾ നടപ്പാക്കുന്നതിനായി ഓരോ ഭക്ഷണ വിതരണ കേന്ദ്രങ്ങളും പാലിക്കേണ്ട മാനദണ്ഡങ്ങൾ ഉൾപ്പടെയുള്ള ജില്ലാതല മാസ്റ്റർ പ്ലാൻ തയ്യാറാക്കാനും കമ്മീഷണർ നിർദേശം നൽകി.

ഇതിനു മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ സഹായത്തോടെ ജില്ലയിലെ ഭക്ഷണവിതരണ കേന്ദ്രങ്ങളുടെ കണക്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന വിവിധ ക്യാമ്പുകളിൽ ഭക്ഷണം തയ്യാറാക്കുന്നതിനായി ഒരുക്കുന്ന താൽക്കാലിക അടുക്കളകളും പരിശോധിക്കും. ഇവ വൃത്തിയുള്ളതും മാനദണ്ഡങ്ങൾ പാലിക്കുന്നതുമാണെന്ന് ഉറപ്പു വരുത്തും. ആരോഗ്യവകുപ്പിന്റെ വൺ ഹെൽത്ത് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവർത്തനങ്ങളും യോഗത്തിൽ വിലയിരുത്തി.

കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായി നടത്തുന്ന സർവ്വേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവലോകനം ചെയ്തു. 250 വീടുകൾക്ക് രണ്ടുപേർ വീതമാണ് സർവേ നടത്തുക. ജില്ലയിലെ 9.34 ലക്ഷം വീടുകളിലെ മുഴുവൻ പേരെയും സർവേയുടെ ഭാഗമാക്കും. ദേശീയ വിരവിമുക്തി ദിനത്തോടനുബന്ധിച്ച നടത്തുന്ന പ്രവർത്തനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തി. ഇതുവരെ 72 ശതമാനത്തോളം വിദ്യാർത്ഥികൾക്കാണ് വിരമരുന്നായ ആൽബന്‍റസോൾ നൽകിയത്. ഇനിയും ലഭിക്കാത്തവർക്ക് ഈ മാസം 24ന് സ്കൂളുകളിൽ തന്നെ വിതരണം ചെയ്യും.

ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്. ശ്രീദേവി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സവിത, ജില്ലാ സർവയ് ലന്‍സ് ഓഫീസർ ഡോ. കെ.കെ. ആശ, ഭക്ഷ്യ സുരക്ഷ എറണാകുളം നോഡൽ ഓഫീസർ എമിമോൾ എബ്രഹാം, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.