അസാപ് കേരളയുടെ പത്താമത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് ജനുവരി 21 ന് നാടിന് സമർപ്പിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തൃശ്ശൂർ കുന്നംകുളത്തെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. അസാപ്പിന്റെ സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടി ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടപ്പിലാക്കുന്ന, മികവുറ്റതും നൂതനവുമായ തൊഴിൽപരിശീലന കേന്ദ്രങ്ങളാണ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കുകൾ.

ലോകോത്തര സൗകര്യങ്ങളോടെ, കുന്നംകുളം നിയോജക മണ്ഡലത്തിലെ കുന്നംകുളം ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി സ്‌കൂളിനോട് ചേർന്നുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഒരേക്കർ ഭൂമിയിൽ 14 കോടി രൂപ ചെലവിലാണ് സ്‌കിൽപാർക്ക് പൂർത്തിയായിരിക്കുന്നത്. മൂന്ന് നിലകളിലായി, 30013.62, ചതുരശ്രഅടി വിസ്തീർണ്ണത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളോടെയാണ് കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക് സജ്ജമായിട്ടുള്ളത്. നൂതനമായ പ്രീ-ഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ്‌നിർമ്മാണം.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ക്ലാസ് മുറികളും, ലാബ് സൗകര്യങ്ങളും ഈ കെട്ടിടത്തിന്റെ പ്രത്യേകതയാണ്.വിദ്യാർത്ഥികൾക്കായി ലോക്കർ സൗകര്യമുള്ള ചെയിഞ്ചിങ് മുറികൾ, മീറ്റിംഗ് റൂമുകൾ, പ്രേത്യേക സെർവർ റൂമോടുകൂടിയ ഐ.ടി ലാബ് സൗകര്യവും ഒരുക്കിയിരിക്കുന്നു. ഭിന്നശേഷിക്കാർക്ക് സൗഹൃദപരമായ രീതിയിലാണ് സ്‌കിൽ പാർക്ക് നിർമ്മിച്ചിട്ടുള്ളത്. ലിഫ്റ്റ്, ഭിന്നശേഷിക്കാർക്കായുള്ള ടോയ്ലറ്റ് സൗകര്യം, കാഴ്ച പരിമിതിയുള്ളവർക്കായുള്ള ടൈലുകൾ എന്നിവ പ്രത്യേകം ഒരുക്കിയിരിക്കുന്നു. 56350 ലിറ്റർ സംഭരണ ശേഷിയുള്ള മഴവെള്ള സംഭരണിയും, മഴവെള്ളം പുനരുപയോഗിക്കാൻ ഫിൽറ്റർ സംവിധാനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ സർട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റൻറ്, ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ് എന്നീ കോഴ്‌സുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.കൂടാതെ കേരള നോളജ് ഇക്കോണമി മിഷനുമായി കൈകോർത്തു വർക്ക് റെഡിനസ്സ് പ്രോഗ്രാമുകൾ, അസാപ്പിന്റെ കോഴ്‌സുകളായ ഫിറ്റ്‌നസ് ട്രെയിനർ, മെഡിക്കൽ കോഡിങ് & ബില്ലിംഗ് എന്നിവയും ഇവിടെ നടത്തുന്നതാണ്. ഇറാം സ്‌കിൽസ് അക്കാദമിയാണ് സ്‌കിൽ പാർക്കിന്റെ നടത്തിപ്പ് പങ്കാളി. തൃശ്ശൂർ ജില്ലയുടെ നൈപുണ്യ പരിശീലനത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായി മാറാൻ കെല്പുള്ളതാണ് കുന്നംകുളം കമ്മ്യൂണിറ്റി സ്‌കിൽ പാർക്കെന്നും മന്ത്രി വ്യക്തമാക്കി.