കോഴിക്കോട് ജില്ലാ കോടതിക്ക് സമീപം ദാവൂദ് ഭായ് കപ്പാസി റോഡിലെ ഹോട്ടലിൽ നിന്ന് കണ്ടെത്തിയ ചരിത്രശേഷിപ്പ് തുറമുഖം മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. സാമൂതിരി രാജാവിന്റെ കോട്ടയുടെ പടിഞ്ഞാറു ഭാഗത്തെ ഗോപുരത്തിന്റെ കല്ലാണ് ഇതെന്നാണ് കണക്കാക്കുന്നത്. ഇതുവരെ കണ്ടെത്തിയ ചരിത്ര ശേഷിപ്പുകൾ കോഴിക്കോട് പഴശ്ശിരാജ മ്യൂസിയത്തിലേക്ക് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി അധികൃതർക്ക് നിർദേശം നൽകി. കോർപ്പറേഷൻ മ്യൂസിയം പ്രവർത്തനമാരംഭിക്കുമ്പോൾ ചരിത്രശേഷിപ്പുകൾ അവിടേക്ക് മാറ്റാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

കെട്ടിടത്തിന്റെ നടുമുറ്റം കുഴിച്ചപ്പോഴാണ് ഒരു മീറ്ററിൽ അധികം നീളമുള്ള കരിങ്കല്ലിൽ തീർത്ത ഭാഗം കണ്ടെത്തിയത്. 600 വർഷത്തിലേറെ പഴക്കമുള്ളതായാണ് നിഗമനമെന്ന് പുരാവസ്തു ശാസ്ത്രജ്ഞൻ കെ കെ മുഹമ്മദ് പറഞ്ഞു. സാമൂതിരി കോട്ടയുടെ പടിഞ്ഞാറെ വശത്തെ പ്രധാന കവാടത്തിന്റെ ഭാഗങ്ങൾ 2017 ൽ കണ്ടെത്തിയിരുന്നു. കിഴക്കേ കവാടത്തിന്റെ ഭാഗങ്ങളും മുൻപ് കണ്ടെത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.