സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു 
സംരംഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് വ്യവസായിക, വാണിജ്യ മേഖലകളില്‍ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയം മൈതാനിയില്‍ സംരംഭക മഹാസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഭിപ്രായ ഭിന്നതകള്‍ നാടിന്റെ വികസനത്തെ ഒരുതരത്തിലും ബാധിക്കരുതെന്നും വ്യവസായിക പുനസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയും നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 ഒരു വര്‍ഷംകൊണ്ട് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കാനാണ് നമ്മള്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, ആദ്യത്തെ എട്ട് മാസം കൊണ്ടുതന്നെ ലക്ഷ്യത്തെ മറികടന്നു. ഇപ്പോള്‍ ഒന്നേകാല്‍ ലക്ഷം സംരംഭം എന്ന ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇതുവരെ 7,500 കോടിയിലധികം രൂപയുടെ നിക്ഷേപങ്ങള്‍ സമാഹരിച്ച് 2,67,000 ത്തോളം തൊഴിലവസരങ്ങള്‍ ലഭ്യമാക്കി. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ലാത്തത്ര വലിയൊരു മുന്നേറ്റമാണ് സംരംഭക വര്‍ഷം പദ്ധതിയിലൂടെ ഉണ്ടായത്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍, തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് സംരംഭകരെ കണ്ടെത്തുന്നതിനുള്ള പദ്ധതി ഇത്ര വലിയ വിജയമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവുമധികം സംരംഭങ്ങള്‍ ആരംഭിച്ചത് തൃശൂര്‍ ജില്ലയിലാണ്. എറണാകുളവും തിരുവനന്തപുരവും സംരംഭങ്ങളുടെ എണ്ണത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ എത്തി. നാടിന്റെ പൊതുവായ വികസനം മുന്‍നിര്‍ത്തി ഈ സംരംഭക മുന്നേറ്റത്തെ ഇനിയും  ശക്തിപ്പെടുത്താന്‍ കഴിയണം. അതിനായി തുടര്‍ന്നും മുഴുവന്‍ സംരംഭകരുടെയും സഹകരണം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
ഒരു തദ്ദേശസ്വയംഭരണ സ്ഥാപനം, ഒരു ഉത്പന്നം എന്ന ആശയം നടപ്പിലാക്കാനും അത്തരം ഉത്പന്നങ്ങളുടെ മൂല്യവര്‍ധനയെ പ്രോത്സാഹിപ്പിച്ചു കൂടുതല്‍ സംരംഭങ്ങള്‍ ആരംഭിക്കാനുമുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരികയാണ്. അതിനായി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ആഴ്ചയില്‍ രണ്ടു ദിവസം ഹെല്‍പ്‌ഡെസ്‌കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിലും ഈ പദ്ധതിക്കായി പ്രത്യേകം കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

പലിശ ഇളവോടുകൂടിയുള്ള വായ്പകള്‍ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ നടപ്പാക്കിയ വായ്പാ മേളകളുടെ ഭാഗമായി ലഭിച്ച 5,556 അപേക്ഷകളില്‍ 108 കോടി രൂപയുടെ വായ്പയാണ് അനുവദിച്ചത്. ഇത്തരത്തില്‍ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനു പുറമെ ചില പ്രത്യേക ഉത്പന്നങ്ങള്‍ക്ക് ഭൗമസൂചിക, അഥവാ ജിയോടാഗിങ്, നല്‍കുന്നതിനുള്ള നടപടികള്‍ കൂടി സ്വീകരിച്ചിട്ടുണ്ട്. സമഗ്രമായ ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് പ്രതീക്ഷിച്ചതിലും മുന്‍പു തന്നെ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞത്.
സംരംഭക വര്‍ഷം പദ്ധതിയെ ബെസ്റ്റ് പ്രാക്ടീസ് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിശേഷിപ്പത്. നമ്മുടെ സംസ്ഥാനം വ്യവസായങ്ങള്‍ക്ക് അനുയോജ്യമായ നാടല്ലെന്ന കേരളവിരുദ്ധ താത്പര്യക്കാരുടെ കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയാണ് സംരംഭകവര്‍ഷ പദ്ധതിയുടെ വിജയവും അതിനു ലഭിച്ച മികച്ച അംഗീകാരവും. ആ നിലയ്ക്ക് കേരളത്തിലെ സംരംഭക സൗഹൃദാന്തരീക്ഷം എത്രമാത്രം മെച്ചപ്പെട്ടതാണെന്ന് തെളിയിക്കുന്നതാണ് സംരംഭക സംഗമം.
രാജ്യത്തെ ആദ്യത്തെ ടെക്‌നോപാര്‍ക്കിന് ആരംഭം കുറിച്ച സംസ്ഥാനമാണിത്. രാജ്യത്തെ ആദ്യത്തെ ഇലക്‌ട്രോണിക്‌സ് പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ച സംസ്ഥാനമാണ് കേരളം. ഗ്ലോബല്‍ സ്‌പൈസസ് പ്രോസസ്സിംഗിന്റെ ഹബ്ബാണ് കേരളം. ലോകത്തുല്‍പാദിപ്പിക്കപ്പെടുന്ന ആകെ ഒലിയോറെസിനുകളുടെ 40 മുതല്‍ 50 ശതമാനത്തോളം കേരളത്തിലാണ് ഉല്‍പ്പാദിപ്പിക്കുന്നത്. സീ ഫുഡ് പ്രോസസിംഗ് നടത്തുന്ന 75 ശതമാനം കമ്പനികള്‍ക്കും ഇ യു സര്‍ട്ടിഫിക്കേഷനുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം.

ലോകത്തേറ്റവുമധികം കൃത്രിമപ്പല്ലുകള്‍ ഉണ്ടാക്കുന്ന കമ്പനി കേരളത്തിലാണുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ ബ്ലഡ് ബാഗ് ഉത്പാദന കമ്പനി ഇവിടെയാണ്. ലോകത്തെ ഏറ്റവും വലിയ മെഡിക്കല്‍ എക്യുപ്‌മെന്റ് ഉത്പാദന കമ്പനികളിലൊന്ന് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് എയര്‍ബസ്, നിസാന്‍, ടെക്ക് മഹീന്ദ്ര, ടോറസ് എന്നിങ്ങനെയുള്ള ലോകോത്തര കമ്പനികള്‍ കേരളത്തിലേക്ക് വന്നു.
എന്നിട്ടും ഇവിടെ വ്യവസായങ്ങള്‍ വളരുന്നില്ലെന്നും കേരളം വ്യവസായങ്ങള്‍ക്ക് അനുകൂലമല്ല എന്നുമുള്ള തെറ്റായ ചിത്രം പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. ചില മാധ്യമങ്ങളും പ്രചാരണള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെ കേരളത്തില്‍ വ്യവസായമേ ഇല്ല എന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്. ഇന്ത്യയുടെ മൊത്തം ഭൂവിസ്തൃതിയുടെ 1.2% മാത്രവും ജനസംഖ്യയുടെ 2.6% മാത്രമുള്ള കേരളത്തിന്റെ ജി.എസ്.ഡി.പി ഇന്ത്യയുടെ ജി.ഡി.പിയുടെ 4.2% ആണ്. ഇവിടെ വ്യവസായവും വാണിജ്യവും ഇല്ലെങ്കില്‍ പിന്നെ, ഇതെങ്ങനെയാണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തില്‍ 50-ല്‍ അധികം മുന്‍നിര മോഡേണ്‍ മാനുഫാക്ച്ചറിംങ് കമ്പനികള്‍ ഉണ്ട്. അവയില്‍ പലതും ലോകത്തിലെ തന്നെ അതാത് മേഖലകളിലെ നമ്പര്‍ വണ്‍ കമ്പനികളാണ്. സംസ്ഥാനത്തിന്റെ ജിഡിപിയില്‍ മാനുഫാക്ച്ചറിംങ് മേഖലയുടെ സംഭാവന 7% ല്‍ നിന്ന് 14 % ആയി വളര്‍ന്നു. കണ്ണടച്ച് ഇരുട്ടാണെന്ന് ഭാവിക്കുന്നവര്‍ കേരളത്തില്‍ ഇതൊന്നും നടക്കുന്നില്ല എന്ന് സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്.
കേരളം ആകെ കടത്തിലാണെന്ന് സ്ഥാപിക്കാനുള്ള ശ്രമവും ഉണ്ട്. റിസര്‍വ് ബാങ്കിന്റെ തന്നെ കണക്കുകള്‍ പ്രകാരം, കേരളത്തിന്റെ പൊതുകടം 2016 ല്‍ സംസ്ഥാന ജി ഡി പിയുടെ 29% ആയിരുന്നു. 2021 ല്‍ അത് 37% ആയി മാറി.  8% വര്‍ധിച്ചു. അതേ കാലയളവില്‍ തന്നെ കേന്ദ്ര സര്‍ക്കാരിന്റെ പൊതുകടം ജി ഡി പിയുടെ 47% ത്തില്‍ നിന്ന് 59% ആയി. 12% ത്തിന്റെ വര്‍ദ്ധന. ഇത്രയധികം കടഭാരമുള്ള ഒരു രാജ്യത്തിന്റെ ഭാഗമാണ് വിവിധ സംസ്ഥാനങ്ങള്‍. അവയ്ക്ക് സ്വന്തം നിലയ്ക്ക് കടത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാം എന്നു കരുതുന്നത് യുക്തിക്കു നിരക്കുന്നതല്ല.

പല സംസ്ഥാനങ്ങളിലും കേരളത്തിലെ പോലെയുള്ള മികച്ച പൊതുവിദ്യാലയങ്ങളോ സര്‍ക്കാര്‍ ആശുപത്രികളോ സിവില്‍ സര്‍വീസോ സാര്‍വ്വത്രികമായ ക്ഷേമ പദ്ധതികളോ ക്ഷേമ പെന്‍ഷനുകളോ ഒന്നുമില്ല. എന്നിട്ടും കേരളത്തേക്കാള്‍ കൂടുതല്‍ പൊതുകടമുള്ള 8 സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും എല്ലാം കടം വര്‍ദ്ധിച്ചു വരുന്നത് രാജ്യം അനുവര്‍ത്തിക്കുന്ന സാമ്പത്തിക നയത്തിന്റെ ഫലമായാണ്. തിരുത്തപ്പെടേണ്ടത് ആ നയമാണ്. അത് തിരുത്തിയാല്‍ തന്നെ കടഭാരങ്ങള്‍ ക്രമേണ ഒഴിവാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 കേരളത്തിന്റെ വരുമാനം കേന്ദ്രത്തില്‍ നിന്നാണെന്ന് സ്ഥാപിക്കാനുള്ള ശ്രമങ്ങളും ഉണ്ട്. എന്നാല്‍ കേരളത്തിന്റെ വരുമാനത്തിന്റെ 64 ശതമാനത്തോളം തനത് വരുമാനമാണ്. എന്നിട്ടും കേന്ദ്രത്തിന്റെ സാമ്പത്തികസഹായം കൊണ്ടാണ് കേരളം നിലനില്‍ക്കുന്നത് എന്നതാണ് പൊതുവില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രതീതി. ഇതിനു കാരണം കേരളവിരുദ്ധ ശക്തികളുടെ സ്വാര്‍ത്ഥതാല്‍പര്യങ്ങളും കള്ളപ്രചാരണങ്ങളുമാണ്. അവയെ ചെറുത്തുതോല്‍പ്പിക്കുന്നതാണ് സംരംഭകവര്‍ഷം പദ്ധതിയുടെ വലിയ വിജയം. കള്ളപ്രചാരകരുടെ വായടിപ്പിക്കുന്നതാണ് സംരംഭക പദ്ധതിയുടെ വിജയം. ഇവിടം വ്യവസായ നിക്ഷേപ സൗഹൃദമാണെന്നും നല്ല നിലയ്ക്ക് ഇവിടെ ബിസിനസ്സ് സംരംഭങ്ങള്‍ നടത്താമെന്നും ഉള്ളതിന്റെ തെളിവാണ് മഹാസംഗമത്തിന് എത്തിയ ഓരോ സംരംഭകരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ വ്യാവസായിക അന്തരീക്ഷം ഉത്തേജിപ്പിക്കുന്നതിന് വിവിധ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. സൂക്ഷ്മ – ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനുള്ള ആക്ട് പാസാക്കിയത് 2019 ലാണ്. 50 കോടി രൂപയില്‍ താഴെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മൂന്ന് വര്‍ഷത്തേക്കുള്ള അനുമതിയും ലഭിച്ചതായി കണക്കാക്കി പ്രവര്‍ത്തിക്കാം.
50 കോടി രൂപയില്‍ കൂടുതല്‍ മുതല്‍മുടക്കുള്ളവയ്ക്ക് ഒരു വര്‍ഷത്തേക്ക് അനുമതി ലഭ്യമായതായി കണക്കാക്കി പ്രവര്‍ത്തിക്കാനും നിയമ ഭേദഗതിയും വരുത്തിയിട്ടുണ്ട്. കൂടാതെ പരാതി പരിഹാര സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ പ്രശ്‌ന പരിഹാരത്തിന് ക്ലിനിക്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് സംരംഭകര്‍ക്ക് പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതല്‍ക്കുള്ള കണക്കുകളെടുത്താല്‍ കെ എസ് ഐ ഡി സി യിലൂടെ 242 സംരംഭങ്ങളും, കിന്‍ഫ്രയിലൂടെ 721 സംരംഭങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. അവയിലൂടെ 4,653 കോടി രൂപയുടെ സാമ്പത്തികസഹായം നല്‍കുകയും 49,594 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. കെ എഫ് സി യിലൂടെയാകട്ടെ 5,405 സംരംഭങ്ങള്‍ക്ക് 12,048 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കി.ഈ വിധത്തില്‍ വ്യവസായ മേഖലയിലുണ്ടായ വളര്‍ച്ചയുടെ മാറ്റം നാട്ടിലാകെ ദൃശ്യമാണ്. ഇതിന്റെയെല്ലാം ഫലമായി വ്യാവസായിക സൗഹൃദ റാങ്കിംഗില്‍ കേരളം 15-ാം സ്ഥാനത്തേക്ക് മുന്നേറിയിട്ടുണ്ട്.
പരമ്പരാഗത നൂതന വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം തന്നെ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍ക്കും കേരത്തില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. തെക്കെ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ആന്‍ഡ് ഇന്നോവേഷന്‍ ഹബ്ബ് നമ്മുടെ നാട്ടിലാണ് എന്നത് അഭിമാനകരമാണ്. ഏറ്റവും മികച്ച സ്റ്റാര്‍ട്ടപ്പ് സൗഹൃദ അന്തരീക്ഷം നിലനില്‍ക്കുന്ന സംസ്ഥാനം കേരളമാണ്. 2022 ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം അഫോഡബിള്‍ ടാലന്റ്‌സ് റാങ്കിംഗില്‍ കേരളം ഏഷ്യയില്‍ ഒന്നാമതും ലോകത്ത് നാലാമതുമാണ്.

കഴിഞ്ഞ ആറരവര്‍ഷം കൊണ്ട് 3800 സ്റ്റാര്‍ട്ടപ്പുകളാണ് കേരളത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. നാല്‍പതിനായിരത്തിലധികം തൊഴിലവസരങ്ങള്‍ ഇതുവഴി  സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. 4,561 കോടി രൂപയുടെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് അവയ്ക്കായി ലഭ്യമാക്കി. 836 കോടി രൂപയുടെ നിക്ഷേപം ഫണ്ട് ഓഫ് ഫണ്ട്‌സിലൂടെയും ലഭ്യമാക്കിയിട്ടുണ്ട്. 29 കോടി രൂപയാണ് ഇന്നോവേഷന്‍ ഗ്രാന്റ് എന്ന നിലയില്‍ സര്‍ക്കാര്‍ ചെലവഴിച്ചത.് ഇത്തരം ബഹുമുഖ ഇടപെടലുകളിലൂടെ കേരളത്തിന്റെ വ്യാവസായിക മുന്നേറ്റത്തിന് കരുത്തുപകരുന്ന നടപടികളാണ് സ്വീകരിച്ചത്.
സംരംഭങ്ങള്‍ ആരംഭിക്കുന്നതോടൊപ്പം തൊഴില്‍ നൈപുണ്യം സിദ്ധിച്ചവരെ ലഭിക്കേണ്ടതുണ്ട്. ഇത് ലക്ഷ്യമാക്കിയാണ് നൈപുണ്യ വികസനത്തിനുള്ള നടപടികള്‍ സ്വീകരിച്ചത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ്, അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം തുടങ്ങിയവയെല്ലാം ഈ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്.
ഇതിനുപുറമെ കെ-ഡിസ്‌ക്, നോളഡ്ജ് ഇക്കണോമി മിഷന്‍ എന്നിവയിലൂടെ എല്ലാ നൈപുണ്യ വികസന ഏജന്‍സികളെയും ഏകോപിപ്പിക്കാനുള്ള പ്രവര്‍ത്തനവും നടത്തുന്നു. വ്യത്യസ്ത അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനവും വ്യക്തിത്വ വികസന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇവയുടെയെല്ലാം നേട്ടങ്ങള്‍ പ്രയോജനപ്പെടുത്താനും സംരംഭങ്ങളുടെ വികസനത്തിന് ഉപയോഗിക്കാനും സംരംഭകര്‍ ശ്രദ്ധിക്കണം.

വ്യാവസായിക പുനഃസംഘടനയിലൂടെയും കാര്‍ഷിക നവീകരണത്തിലൂടെയുമെല്ലാം ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനകളുണ്ട്. നമ്മുടെ സംസ്ഥാനത്തിന്റെ ജി ഡി പി തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 12.01 ശതമാനം ഉയര്‍ന്നു. ഉത്പാദനമേഖലയും കൃഷിയും വ്യവസായവും കാര്യമായ മുന്നേറ്റമുണ്ടാക്കി.
കൃഷി അനുബന്ധ മേഖല 4.64 ശതമാനവും വ്യവസായിക മേഖല 3.87 ശതമാനവും സേവനമേഖല 17.3 ശതമാനവുമാണ് ഇക്കാലയളവില്‍ വളര്‍ച്ച നേടി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം അഖിലേന്ത്യാ ശരാശരിയുടെ ഇരട്ടിയാണ്. ഈ നേട്ടങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പുവരുത്താന്‍ നമ്മുക്ക് കഴിയണം. നാടിന്റെ സമഗ്രവും സുസ്ഥിരവുമായ വളര്‍ച്ച സാധ്യമാക്കാനും നമ്മുക്കു കഴിയണം. അതിന് കരുത്തുപകരാന്‍ ഓരോരുത്തരുടെയും സഹകരണം തുടര്‍ന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് അധ്യക്ഷതവഹിച്ചു. സ്‌കെയില്‍ അപ്പ് പദ്ധതിയുടെ സര്‍വേയും കൈപ്പുസ്തകം പ്രകാശനവും വിജയമാതൃകകളുടെ ഫിലിം ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ നിര്‍വഹിച്ചു.
എംഎല്‍എമാരായ ആന്റണി ജോണ്‍, പി.വി. ശ്രീനിജിന്‍, കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍, ചീഫ് സെക്രട്ടറി വി.പി ജോയ്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ എ.പി.എം മുഹമ്മദ് ഹനീഷ്, സുമന്‍ബില്ല, വ്യവസായ വാണിജ്യ വകുപ്പ് ഡറക്ടര്‍ എസ്.ഹരികിഷോര്‍, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാരായ കെ.സുധീര്‍, പി.എസ് സുരേഷ്‌കുമാര്‍, ജില്ലാ വ്യവസായ കേന്ദ്രം എറണാകുളം ജനറല്‍ മാനേജര്‍ പി.എ നജീബ്, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.