തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2023-24 വാർഷിക പദ്ധതി അന്തിമമാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുന്നതിനുള്ള സമയക്രമം പുതുക്കി നിശ്ചയിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25ന് മുൻപും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾ മാർച്ച് 3ന് മുൻപും അന്തിമ വാർഷിക പദ്ധതി സമർപ്പിക്കണം. സംസ്ഥാന ബജറ്റ് ഫെബ്രുവരി ആദ്യം അവതരിപ്പിക്കുമ്പോൾ, വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമാകുന്ന യഥാർഥ വിഹിതം അറിയാനാകും. ഈ തുകയെ അടിസ്ഥാനമാക്കി വാർഷികപദ്ധതി അന്തിമമാക്കുകയാണെങ്കിൽ പദ്ധതി നടത്തിപ്പ് കൂടുതൽ സുഗമമായി നിർവഹിക്കാനാകുമെന്ന് കണ്ടാണ് തീരുമാനം. വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരും സംഘടനകളും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. മുൻവർഷങ്ങളിൽ തൊട്ടുമുൻപത്തെ വർഷത്തെ വിഹിതത്തെ അടിസ്ഥാനമാക്കി ആദ്യം വാർഷിക പദ്ധതി തയ്യാറാക്കുകയും പിന്നീട് യഥാർഥ വിഹിതമനുസരിച്ച് പദ്ധതി പരിഷ്‌കരിക്കുകയുമായിരുന്നു. പദ്ധതി തയ്യാറാക്കുന്നതിന് അടിസ്ഥാനമായ തുകയും ലഭ്യമായ തുകയും തമ്മിൽ വ്യതിയാനമുണ്ടായത് ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കും കഴിഞ്ഞ വർഷങ്ങളിൽ ബുദ്ധിമുണ്ടാക്കിയിരുന്നു. ഇക്കാര്യം പരിഗണിച്ച് ബജറ്റിലെ യഥാർഥ വിഹിതം അറിഞ്ഞതിന് ശേഷം പദ്ധതി അന്തിമമാക്കിയാൽ മതിയെന്ന് ജനുവരി 9ന് ചേർന്ന വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോർഡിനേഷൻ കമ്മിറ്റിയും തീരുമാനിച്ചിരുന്നു. അതിദാരിദ്ര്യ നിർമാർജനം, മാലിന്യ സംസ്‌കരണം, പ്രാദേശിക സാമ്പത്തിക വികസനം, സംരംഭങ്ങളും തൊഴിൽ സൃഷ്ടിയും തുടങ്ങിയ മേഖലകൾക്ക് ഊന്നൽ കൊടുത്തുകൊണ്ടാകണം വാർഷിക പദ്ധതി തയ്യാറാക്കേണ്ടതെന്നും മന്ത്രി നിർദേശിച്ചു.
ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 25നുള്ളിൽ വാർഷിക പദ്ധതി ജില്ലാ ആസൂത്രണസമിതിക്ക് സമർപ്പിക്കണം. മാർച്ച് മൂന്നിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകും. ഗ്രാമപഞ്ചായത്തുകൾ കേന്ദ്രസർക്കാരിന്റെ ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് വിനിയോഗിക്കുന്നതിനുള്ള പ്രോജക്ടുകൾ മാർച്ച് 8നുള്ളിൽ അപ്‌ലോഡ് ചെയ്യണം. ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകൾക്ക് മാർച്ച് 3 വരെയാണ് വാർഷികപദ്ധതി തയ്യാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള സമയം. മാർച്ച് ഏഴിനകം പദ്ധതിക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നൽകും. ഇ-ഗ്രാംസ്വരാജ് പോർട്ടലിൽ മാർച്ച് 10നകം ആവശ്യമായ പ്രോജക്ടുകൾ അപ്‌ലോഡ് ചെയ്യണം.