ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഏർപ്പെടുത്തിയ 2022-ലെ ദേശീയ ധീരതാ അവാർഡിന് കേരളത്തിൽ നിന്ന് മൂന്ന് കുട്ടികൾ അർഹരായി. കേരള സംസ്ഥാന ശിശുക്ഷേമ സമിതി മുഖാന്തിരമാണ് അപേക്ഷകൾ സമർപ്പിച്ചത്.

മലപ്പുറം സ്വദേശികളായ അഹമ്മദ് ഫാസ്, മുഹമ്മദ് ഇർഫാൻ, കോഴിക്കോട് സ്വദേശി നിഹാദ് എന്നിവരാണ് അവാർഡ് ജേതാക്കൾ. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 10-ാം ക്ലാസ് വിദ്യാർഥികളായ അഹമ്മദ് ഫാസ്, മുഹമ്മദ് ഇർഫാൻ എന്നിവർ സ്‌കൂൾ വിട്ട് പോകും വഴി കടലുണ്ടി പുഴയിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുന്ന 12 വയസ്സുകാരനായ ഗോകുലിനെ കാണുകയും കുത്തൊഴുക്കുളള നദിയിലേക്ക് എടുത്തു ചാടി ഗോകുലിന്റെ ജീവൻ രക്ഷിക്കുകയായിരുന്നു. അഹമ്മദ് ഫാസ് മലപ്പുറം തേഞ്ഞിപ്പാലം ചക്കാലയിൽ ഹൗസിൽ മുഹമ്മദ് ഫിറോസിന്റേയും, സുബൈദ വി. പി-യുടെയും മകനാണ്. തേഞ്ഞിപ്പാലം പാറപ്പുറത്ത് കൊയിലിപ്പാടം ഹൗസിൽ അലി അക്ബറിന്റേയും ഫസീല സി. യുടെയും മകനാണ് മുഹമ്മദ് ഇർഫാൻ. ഇരുവർക്കും പ്രഹ്ളാദ് അവാർഡാണ് ലഭിച്ചത്.

കോഴിക്കോട് കുറ്റിയാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 8-ാം ക്ലാസ് വിദ്യാർഥി നിഹാദ് തളിക്കരയിലെ തടയണയിൽ വീണ നാലു വയസുകാരനെ തടയണയിലേക്ക് ചാടി അതിസാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. കോഴിക്കോട് തളിയിൽ മാണിക്കോത്ത് വീട്ടിൽ റഹിമിന്റെയും അസ്മ എം.കെ-യുടെയും മകനാണ് നിഹാദ്. ധ്രുവ് അവാർഡിനായാണ് നിഹാദ് തെരഞ്ഞെടുക്കപ്പെട്ടത്.

ന്യൂഡൽഹിയിൽ നടക്കുന്ന ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിനോടനുബന്ധിച്ച് 2020 2021, 2022 വർഷങ്ങളിൽ ദേശീയ ധീരത പുരസ്‌കാരം നേടിയ കുട്ടികൾക്ക് ധീരതാ പുരസ്‌കാരങ്ങൾ സമ്മാനിക്കും.

മൂന്ന് കുട്ടികളുടെയും കേരള സംസ്ഥാന ശിശുക്ഷേമ സമിതി ആദരിക്കുമെന്ന് സമിതി അഡ്മിനിസ്ട്രേറ്റർ കൂടിയായ വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ പ്രയങ്ക ജി അറിയിച്ചു.