നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്‍  വയനാട് ജില്ലയില്‍ ജനുവരി 26 ന് തുടക്കമാകും. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാര്‍ നിര്‍വ്വഹിക്കും. വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ക്യാമ്പയിനിന്റെ ഭാഗമായി നിലവിലെ മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളും രീതികളും മെച്ചപ്പെടുത്തും. ഗാര്‍ഹിക-സ്ഥാപനതല-ജൈവ/ദ്രവ മാലിന്യ സംസ്‌കരണം വ്യാപിപ്പിക്കല്‍, കമ്മ്യൂണിറ്റി കമ്പോസ്റ്റിംഗ് സംവിധാനം മെച്ചപ്പെടുത്തല്‍, നൂറ് ശതമാനം അജൈവ മാലിന്യ ശേഖരണം ഉറപ്പാക്കല്‍, മിനി എം.സി.എഫ്, എം.സി.എഫ്, ആര്‍.ആര്‍.എഫ് എന്നീ സംവിധാനങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

ജനുവരി 26-ന് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഒരു പൊതു ഇടം കണ്ടെത്തി ശുചീകരിച്ച് തദ്ദേശ സ്ഥാപനതല ക്യാമ്പയിനിന് തുടക്കമാകും. തുടര്‍ന്ന് ജനുവരി 30 വരെ ഓരോ വാര്‍ഡ് അടിസ്ഥാനത്തിലും ശുചീകരണം നടത്തും. മാലിന്യ കൂനകള്‍ ഉണ്ടെങ്കില്‍ അതും നീക്കം ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവിടങ്ങളിലും ക്യാമ്പയിന്‍ സംഘടിപ്പിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തദ്ദേശ സ്വയം ഭരണ സ്ഥാപനതല/വാര്‍ഡ്തല സംഘാടക സമിതികള്‍ രൂപീകരിക്കും.
ഹരിത കര്‍മസേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, സ്‌കൂള്‍-കോളേജ് എന്‍.എസ്.എസ്, എന്‍.സി.സി, എസ്.പി.സി വളണ്ടിയര്‍മാര്‍, ക്ലബ്ബുകള്‍, സംഘടനകള്‍ തുടങ്ങി വളരെ ജനകീയമായാണ് ഓരോ സ്ഥലങ്ങളിലും ശുചീകരണം നടത്തുന്നത്. ശുചീകരണത്തിന് ശേഷം ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളെ തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറും. കൂടാതെ വൃത്തിയാക്കുന്ന പൊതു ഇടങ്ങള്‍ ആ പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗന്ദര്യവത്കരിക്കുകയും ചെയ്യും. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ അശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനെതിരെ കൃത്യമായ നിയമനടപടികളും ഉറപ്പുവരുത്തും.