കുടുംബശ്രീയുടെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജനുവരി 26ന് സംസ്ഥാനത്ത് അയൽക്കൂട്ട സംഗമം സംഘടിപ്പിക്കും. മൂന്നു ലക്ഷം അയൽക്കൂട്ടങ്ങളിലായി 45 ലക്ഷം വനിതകൾ സംഗമത്തിൽ പങ്കെടുക്കുമെന്നു കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടർ ജാഫർ മാലിക് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബശ്രീയുടെ 25-ാം വാർഷിക ദിനമായ മേയ് 17 മുതൽ ത്രിദിന അന്തർദേശീയ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ചുവട് 2023 എന്ന പേരിൽ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന അയൽക്കൂട്ട സംഗമത്തിന്റെ ഭാഗമായി രാവിലെ എട്ടിന് എല്ലാ അയൽക്കൂട്ടങ്ങളിലും ദേശീയ പതാക ഉയർത്തും. കുടുംബശ്രീ അംഗങ്ങളായ വനിതകൾക്കു പുറമേ ബാലസഭാംഗങ്ങൾ, വയോജന അയൽക്കൂട്ട അംഗങ്ങൾ, പ്രത്യേക അയൽക്കൂട്ട അംഗങ്ങൾ തുടങ്ങിയവരും പങ്കെടുക്കും. കുടുബശ്രീ യുട്യൂബ് ചാനൽ വഴി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും എക്സിക്യൂട്ടിവ് ഡയറക്ടറും സന്ദേശം നൽകും. കുടുംബശ്രീയുടെ 25 വർഷത്തെ പ്രവർത്തന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അയൽക്കൂട്ട കുടുംബാംഗങ്ങളുടെ ജീവിതത്തിലും പൊതു സമൂഹത്തിലും കുടുംബശ്രീ സൃഷ്ടിച്ച മാറ്റങ്ങൾ, ആരോഗ്യം, പൊതുശുചിത്വം, വൃത്തിയുള്ള അയൽക്കൂട്ട പരിസരം, അയൽക്കൂട്ട കുടുംബങ്ങളുടേയും പ്രദേശത്തിന്റെയും വികസന ആവശ്യങ്ങൾ എന്നീ വിഷയങ്ങൾ അയൽക്കൂട്ട അംഗങ്ങളുടെ നേതൃത്വത്തിൽ സംഗമ ദിനത്തിൽ ചർച്ച ചെയ്ത് സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള സൂക്ഷ്മതല പദ്ധതി ആസൂത്രണം ചെയ്ത് റിപ്പോർട്ട് എഡിസിക്കു കൈമാറും.

കുടുംബശ്രീയുടെ യൂട്യൂബ് ചാനൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി അയൽക്കൂട്ട സംഗമ ദിനത്തിൽ സംസ്ഥാനത്തെ അയൽക്കൂട്ട അംഗങ്ങളായ വനിതകൾ ചാനൽ സബ്സ്ക്രൈബ് ചെയ്യും. മെയ് 17നുള്ളിൽ ചാനൽ സബ്സ്ക്രിപ്ഷൻ പൂർത്തീകരിക്കുയാണു ലക്ഷ്യം. കുടുംബശ്രീ പ്രവർത്തനങ്ങൾ ജനകീയമാക്കുന്നതിനായി എല്ലാ അയൽക്കൂട്ടങ്ങളും അവരുടെ ഫേസ്ബുക് ആരംഭിക്കുകയും പ്രവർത്തനങ്ങൾ, മികച്ച മാതൃകകൾ എന്നിവ പോസ്റ്റ് ചെയ്യുന്നതിനും അയൽക്കൂട്ട സംഗമ ദിനത്തിൽ തുടക്കമിടും.

കുടുംബശ്രീയുടെ 25 വർഷത്തെ പ്രവർത്തനം വിലയിരുത്തി ഭാവി പ്രവർത്തന മേഖലകൾ കണ്ടെത്തുന്നതിനായി അയൽക്കൂട്ടതലം മുതൽ വിഷൻ ബിൽഡിങ് എക്സൈസ് നടത്തി സംക്ഷിപ്ത ഡോക്യുമെന്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. അയൽക്കൂട്ടം തയ്യാറാക്കുന്ന വിഷൻ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനതല വിഷൻ ഡോക്യൂമെന്റ് തയ്യാറാക്കും.

രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നിരവധി നൂതന പരിപാടികളും കുടുംബശ്രീ ആസൂത്രണം ചെയ്തിട്ടുണ്ട്. കുടുംബശ്രീ അംഗങ്ങളുടെ കലാ-കായിക-സാംസ്കാരിക പരിപാടികൾ അയൽക്കൂട്ടതലം മുതൽ സംസ്ഥാനതലം വരെ ‘അരങ്ങ്’ എന്ന പേരിൽ സംഘടിപ്പിക്കും. ഓക്സിലറി ഗ്രൂപ്പുകളിൽ വിവിധ വിഷയങ്ങളിൽ സെമിനാറുകൾ സംഘടിപ്പിക്കും. 1,000 ഓക്സിലറി സംരംഭങ്ങൾക്കു തുടക്കം കുറിക്കും. ഓക്സിലറി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ മാർഷ്യൽ ആർട്ട് പരിശീലനം നൽകുന്ന ഗ്രൂപ്പുകൾ രൂപീകരിക്കും. കുടുംബശ്രീ സി.ഡി.എസിന്റെ നാളിതുവരെയുള്ള പ്രവർത്തനം, നേട്ടങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരു ബുക്ക് എല്ലാ സി.ഡി.എസിലും പ്രസിദ്ധീകരിക്കും. മികച്ച ബുക്കിന് മെയ് 17 ന് സംഘടിപ്പിക്കുന്ന അന്തർദേശീയ കോൺക്‌ളേവിൽ സമ്മാനം നൽകും.

8-ാം ക്ലാസ് മുതൽ 12-ാം ക്ലാസുവരെയുള്ള കുട്ടികൾക്ക് കുടുംബശ്രീ അവബോധം വളർത്തുന്നതിനായി വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് പ്രത്യേക അസൈമെന്റ് നൽകും. മികച്ച അസൈമെന്റുകൾക്ക് സമ്മാനം നൽകും. ബിരുദ/ബിരുദാനന്തര വിദ്യാർത്ഥികൾക്കായി കലാലയങ്ങളിൽ കുടുംബശ്രീയുടെ സഹായത്തോടെ സെമിനാറുകൾ സംഘടിപ്പിക്കും. അന്തർദേശീയ കോൺക്ലേവിന്റെ ഭാഗമായി ബാലസഭ കുട്ടികൾക്കും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾക്കും മിനി കോൺക്ലേവ് സംഘടിപ്പിക്കുകയും, മികച്ച ആശയങ്ങളുടെ അവതരണം അന്തർദേശീയ കോൺക്ലേവിൽ അവതരിപ്പിക്കുകയും ചെയ്യും.  തെരെഞ്ഞെടുക്കപ്പെടുന്ന ഫെലോഷിപ്പ് വിദ്യാർത്ഥികളെ കുടുംബശ്രീയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട 25 വിഷയങ്ങളിൽ 3 മാസത്തെ ഷോർട്ട് ടൈം ഫെലോഷിപ്പ് പ്രോഗ്രാമിന് പങ്കെടുപ്പിക്കുകയും, ഇതിലൂടെ തയ്യാറാക്കപ്പെടുന്ന പ്രബന്ധം മെയ് 17-ന് പ്രകാശനം ചെയ്യും.

രജത ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ ഓൺലൈൻ റേഡിയോക്ക് തുടക്കം കുറിക്കും. മെയ് 17, 18, 19 തീയതികളിലാണ് അന്തർദേശീയ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിലെ സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടീയ പ്രഗൽഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകൾ, കുടുംബശ്രീ അംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചവരെ ആദരിക്കൽ, എക്സിബിഷൻ, അയൽക്കൂട്ടാംഗങ്ങളുടെ കലാപരിപാടികൾ, കുടുംബശ്രീ ദിനം പ്രഖ്യാപിക്കൽ, കുടുംബശ്രീ ഗാനം, കുടുംബശ്രീ ലോഗോ എന്നിവയുടെ പ്രകാശനം തുടങ്ങി വിവിധങ്ങളായ പരിപാടികൾ കോൺക്ലേവിൽ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ നിഷാദ് സി.സി, സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർമാരായ വിപിൻ വിൽഫ്രഡ്, വിദ്യാ നായർ വി. എസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.