പട്ടികജാതി – പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന ട്രേസ് പദ്ധതിയുടെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ യുവതീയുവാക്കൾക്ക് നൂതന കോഴ്‌സുകളിൽ  പരിശീലനത്തിനും നൈപുണ്യവികസനത്തിനുമായുള്ള പദ്ധതികൾക്ക് ഭരണാനുമതിയായി. 5000 യുവജനങ്ങൾക്ക് തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയുടെ പരിശീലന പരിപാടികൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

TRACE – Training for Career Excellence എന്ന പദ്ധതിക്ക്  കീഴിലാണ് തൊഴിൽ പരിശീലനം. മറൈൻ സ്ട്രക്ച്ചറൽ  ഫിറ്റർ, അഡ്വാൻസ്ഡ് ബയോമെഡിക്കൽ എക്വിപ്‌മെന്റ് ഹാൻഡ്സ് ഓൺ ട്രെയിനിങ്,  അഡ്വാൻസ്ഡ് ഗ്രാഫിക് ഡിസൈൻ, നഴ്‌സിംഗ് അസിസ്റ്റന്റ്, സോളാർ പി വി മെയിന്റനൻസ്, സ്‌കെഫോൾഡിങ് ഓപ്പറേറ്റർ, പ്ലംബിംഗ് എഞ്ചിനീയറിംഗ്, പെയിന്റിംഗ് ആൻഡ് ഫിനിഷിങ് വർക്‌സ്, വാട്ടർ പ്രൂഫിങ് ആൻഡ് ഹോം ഓട്ടോമേഷൻ, ഫിറ്റർ ഫാബ്രിക്കേഷൻ, പ്രോസസ്സ് ഇൻസ്ട്രുമെന്റഷൻ, ഇൻഡസ്ട്രിയൽ വെൽഡർ ആൻഡ് ഇൻഡസ്ട്രിയൽ ഇലെക്ട്രിഷ്യൻ, ക്യാബിൻ ക്രൂ ട്രെയിനിങ്, എയർലൈൻ മാനേജ്മന്റ് ട്രെയിനിങ്,  സപ്ലൈ ചെയിൻ ആൻഡ് ട്രാൻസ്‌പോർട്ടേഷൻ മോഡ് ട്രെയിനിങ്, മെഷീൻ ഓപ്പറേറ്റർ ഇൻ പ്ലാസ്റ്റിക് പ്രോസസ്സിങ്,  അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ വെബ് അപ്ലിക്കേഷൻ  തുടങ്ങിയ നൂതനമായ മേഖലകളിലാണ് പരിശീലനം.

ഇന്ത്യക്കകത്തും പുറത്തുമുള്ള  പുതിയ തൊഴിൽ മേഖലകളിലേക്കു അവരെ എത്തിച്ചു സുസ്ഥിരവരുമാനം സാധ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. ഇതിലേക്കായി 19.5 കോടിയുടെ ഭരണാനുമതി ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചു. സർക്കാർ നടപ്പിലാക്കിയ പരിശീലന പദ്ധതികളുടെ ഭാഗമായി 150 പട്ടികവർഗ്ഗക്കാരായ പെൺകുട്ടികൾക്ക് വ്യോമായന മേഖലയിൽ തൊഴിൽ  ലഭ്യമാക്കിയിരുന്നു. മറൈൻ മേഖലയിലും സമാന അവസരങ്ങൾ  ഒരുക്കുകയാണ്. കരയിലും ആകാശത്തും കടലിലും പട്ടികജാതി വിഭാഗത്തിന് തൊഴിലവസരമൊരുക്കുന്നുവെന്ന പ്രതേകതയും ഈ പദ്ധതിയിലൂടെ സാധ്യമാവുകയാണെന്നു മന്ത്രി പറഞ്ഞു.