സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉൾനാടൻ ജലാശയങ്ങളിൽ സംയോജിത മത്സ്യ വിഭവ പരിപാലനം 2022-23ന്റെ ഭാഗമായി കുറ്റ്യാടി പുഴയിൽ പയ്യോളി ന​ഗരസഭയും ഫിഷറീസ് വകുപ്പും സംയുക്തമായി മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഒന്നര ലക്ഷം ഓര്ജല പൂമിൻ, കരിമീൻ കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ചടങ്ങ് നഗരസഭ വിദ്യാഭ്യാസ, കലാ-കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി വിനോദൻ ഉദ്ഘാടനം ചെയ്തു.

കുറ്റ്യാടി പുഴയിൽ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതുജലാശയങ്ങളിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നത്. പുഴയിലെ മത്സ്യ സമ്പത്ത് വർദ്ധിപ്പിക്കുക വഴി ഉൾനാടൻ മത്സ്യബന്ധനത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന ശോഷണം കുറയ്ക്കുക, മത്സ്യത്തൊഴിലാളികളുടെ വരുമാനവും ജീവിത നിലവാരവും ഉയർത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ഉദ്ദേശം. ഇതിന്റെ ഭാഗമായി നഗരസഭയുടെ ഭാഗമായ കുറ്റ്യാടിപ്പുഴയുടെ അഴിമുഖത്ത് കോട്ടക്കൽ പ്രദേശത്ത് വിവിധ ഇടങ്ങളിലായി 12 ലക്ഷം കാര ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. അതിന്റെ തുടർച്ചയായാണ് ഡിവിഷൻ എട്ടിലെ കളരിപ്പടി, കുന്നത്ത് പാറ എന്നിവി‌ടങ്ങളിൽ മീൻകുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

ചടങ്ങിൽ കൗൺസിലർ പി മഞ്ജുഷ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി മഹിജ ഏളോടി, കൗൺസിലർ കായിരിക്കണ്ടി അൻവർ, ഡിവിഷൻ വികസന സമിതി കൺവീനർമാരായ പ്രകാശൻ കൂവിൽ, സുരേഷ് പൊക്കാട്ട്, അയ്യപ്പൻകാവ് യു.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഉഷ നന്ദിനി, എഡിഎസ് പ്രസിഡന്റ് റീമ മാണിക്കോത്ത്, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡി.എസ് ദിൽന സ്വാഗതവും പ്രോജക്ട് കോഡിനേറ്റർ ശ്രീജ നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ സംബന്ധിച്ചു.