സംസ്ഥാന സർക്കാർ സാംസ്‌കാരികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2022ലെ ബാലസാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മലയാള ബാലസാഹിത്യത്തിനു മികച്ച സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലുള്ളവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായിട്ടാണ് പുരസ്‌കാരങ്ങൾ നൽകുന്നത്.

കഥ/നോവൽ വിഭാഗത്തിൽ ഇ എൻ ഷീജ (അമ്മമണമുള്ള കനിവുകൾ), കവിത വിഭാഗത്തിൽ മനോജ് മണിയൂർ (ചിമ്മിനിവെട്ടം), വൈജ്ഞാനിക വിഭാഗത്തിൽ ഡോ. വി രാമൻകുട്ടി (എപ്പിഡെമിയോളജി – രോഗവ്യാപനത്തിന്റെ ശാസ്ത്രം), ശാസ്ത്ര വിഭാഗത്തിൽ ഡോ. മുഹമ്മദ് ജാഫർ പാലോട്, ജനു (കൊറോണക്കാലത്ത് ഒരു വവ്വാൽ), ജീവചരിത്രം/ആത്മകഥ വിഭാഗത്തിൽ സുധീർ പൂച്ചാലി (മാർക്കോണി), വിവർത്തനം/പുനരാഖ്യാനം വിഭാഗത്തിൽ ഡോ. അനിൽകുമാർ വടവാതൂർ (ഓസിലെ മഹാമാന്ത്രികൻ), ചിത്രീകരണ വിഭാഗത്തിൽ  സുധീർ പി വൈ (ഖസാക്കിലെ തുമ്പികൾ), നാടക വിഭാഗത്തിൽ ഡോ. നെത്തല്ലൂർ ഹരികൃഷ്ണൻ (കായലമ്മ) എന്നിവരാണ് പുരസ്‌കാരങ്ങൾക്ക് അർഹരായത്. പുരസ്‌കാരങ്ങൾ സമ്മാനിക്കുന്ന തീയതി പിന്നീട് അറിയിക്കും.