വിയോജിപ്പിനുള്ള അവകാശം ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിനുള്ള പ്രധാന ഘടകമാണെന്ന് മന്ത്രി പി. രാജീവ്. സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടില്‍ 74-ാമത് റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഭിപ്രായ സ്വാതന്ത്ര്യവും ഭരണഘടനാപരമാണ്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഈ ദിവസത്തിന്റെ സന്ദേശമെന്നും മന്ത്രി പറഞ്ഞു. പാർലമെൻ്ററി ജനാധിപത്യത്തിൽ അധിഷ്ഠിതമായ ജനാധിപത്യ വ്യവസ്ഥിതിയാണ് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്നത്. ജനാധിപത്യം നിലനിൽക്കുന്നതിന് അനിവാര്യമായ ഉപാധികളാണ് മതനിരപേക്ഷതയും വിയോജിപ്പിനുള്ള അവകാശവും.

വൈവിധ്യങ്ങൾ നിലനിൽക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യത്ത് ജനാധിപത്യം തുടരുന്നതിനുള്ള ഏറ്റവും വലിയ ഉപാധിയായ മതനിരപേക്ഷത സംരക്ഷിക്കേണ്ടത് ഏറ്റവും പ്രാധാന്യമുള്ള ഉത്തരവാദിത്തമായി എല്ലാവരും കാണണം.

നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ സവിശേഷത. വ്യത്യസ്ത മതവിഭാഗങ്ങളിൽ പ്പെട്ടവർ, ആചാരാനുഷ്ഠാനങ്ങളിൽ വിശ്വസിക്കുന്നവർ, ജീവിതരീതി പിന്തുടരുന്നവർ എന്നിങ്ങനെ എല്ലാവർക്കും അവരവരുടെ വിശ്വാസങ്ങൾക്കും ആചാരങ്ങൾക്കും അനുസൃതമായി ജീവിക്കുന്നതിനുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന ഉറപ്പ് നൽകുന്നുണ്ട്. ഭരണഘടന ഉറപ്പു നൽകുന്ന ഈ വൈവിധ്യങ്ങളിൽ വ്യത്യസ്ത ഭാഷകളും ഉൾപ്പെടുന്നു.

രാജ്യം സ്വതന്ത്രമാകുന്നത് മതപരമായ വിഭജനത്തിന്റെ വേദനയോടെയാണ്. വിഭജനത്തിനുശേഷം ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായി. മതപരമായ വിഭജനത്തിന്റെ പേരിൽ രൂപം കൊണ്ട രാജ്യങ്ങൾ അവരുടെ ആശയങ്ങള്‍ തെറ്റാണെന്ന് പിന്നീട് തെളിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭരണഘടനയുടെയും രാജ്യത്തിന്റെയും മറ്റൊരു അടിസ്ഥാനശില ഫെഡറലിസമാണ്. ഭരണഘടന കേന്ദ്ര- സംസ്ഥാനങ്ങൾക്ക് അധികാരം വിനിയോഗിക്കുന്നതിനുള്ള മേഖലകൾ നിയതമായി നിർവചിച്ചിട്ടുണ്ട്. ഫെഡറലിസത്തിന്റെ ഒപ്പം നിൽക്കുന്നതാണ് ധനപരമായ ഫെഡറലിസവും. സംസ്ഥാനങ്ങൾ ശക്തമായാലാണ് കേന്ദ്രവും രാജ്യവും ശക്തമാകുകയുള്ളൂ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായി നിലനിൽക്കാൻ ധനപരമായ ഫെഡറലിസം പ്രാധാന്യമുള്ളതാണ്. ഇത് സംരക്ഷിക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി വ്യക്തമാക്കി.

പരേഡിലെ മികച്ച ടീമുകൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.

പരേഡിലെ മികച്ച ടീമുകൾ :

മികച്ച സായുധ പ്ലറ്റൂൺ ( എക്സൈസ്& പോലീസ് )
ഒന്നാം സ്ഥാനം – പോലീസ് ജില്ലാ ഹെഡ് ക്വാർട്ടേഴ്സ്, കൊച്ചി സിറ്റി
രണ്ടാം സ്ഥാനം – കെ.എ.പി. 1
മൂന്നാം സ്ഥാനം – എക്സൈസ്

മികച്ച സായുധ എൻ സി സി /സി കേഡറ്റ് പ്ലറ്റൂൺ
ഒന്നാം സ്ഥാനം – സി കേഡറ്റ്
രണ്ടാം സ്ഥാനം – 21 കേരള

മികച്ച അൺ ആംഡ് യൂണിറ്റ് ( ഫയർഫോഴ്സ്, സിവിൽ ഡിഫൻസ്, ടീം കേരള)
ഒന്നാം സ്ഥാനം – ഫയർഫോഴ്സ്
രണ്ടാം സ്ഥാനം – സിവിൽ ഡിഫൻസ്

മികച്ച അൺ ആംഡ് യൂണിറ്റ് ( കസ്റ്റംസ് കേഡറ്റ്, സീ കേഡറ്റ് )
ഒന്നാം സ്ഥാനം – സീ കേഡറ്റ്

മികച്ച സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്
ഒന്നാം സ്ഥാനം – ജി ജി എച്ച് എസ് എസ് തൃപ്പൂണിത്തുറ
രണ്ടാം സ്ഥാനം – വി എച്ച് എസ് എസ് , ഇരുമ്പനം
മൂന്നാം സ്ഥാനം – സെൻ്റ് ജോസഫ് എച്ച് എസ് എസ്

മികച്ച സ്കൗട്ട് ടീം

എസ് ആർ വി, എച്ച് എസ് എസ് എറണാകുളം

മികച്ച ഗൈഡ്സ് ടീം

ഒന്നാം സ്ഥാനം – ബത് ലഹേം ദയറ, ഞാറള്ളൂർ
രണ്ടാം സ്ഥാനം – സെൻ്റ് മേരിസ് എച്ച്എസ്എസ്
മൂന്നാം സ്ഥാനം – എസ് ആർ വി, എച്ച് എസ് എസ്

ഇൻഫോപാർക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിബിൻ ദാസ് ആയിരുന്നു പരേഡ് കമാണ്ടര്‍. സബ് ഇന്‍സ്‌പെക്ടര്‍ ജോളി വർഗീസ് സെക്കന്റ് ഇന്‍ കമാണ്ടറായിരുന്നു.

സിവിൽ സ്റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ എംഎൽഎമാരായ കെ. എൻ. ഉണ്ണികൃഷ്ണൻ,
ഉമ തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡൻ്റ് സനിത റഹിം,
ജില്ലാ കളക്ടർ ഡോ. രേണു രാജ്, ജില്ലാ വികസന കമ്മീഷണർ ചേതൻകുമാർ മീണ, ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് കെ. സേതുരാമൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.