പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച പാറാട്ടുപാറ – മുണ്ടോട്ടിൽ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു ഉദ്ഘാടനം നിർവഹിച്ചു. പേരാമ്പ്ര, കുത്താളി ഗ്രാമപഞ്ചായത്തുകളിൽ ഉൾപ്പെട്ട 50 ഗുണഭോക്താക്കളാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. 40 ലക്ഷ രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. മുണ്ടോട്ടിൽ പത്മാവതി, നാരായണി എന്നിവരാണ് കിണറിനും ടാങ്കിനുമായി സ്ഥലം വിട്ടു നൽകിയത്.
ചടങ്ങിൽ ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശശികുമാർ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിസന്റ് വി.കെ പ്രമോദ് മുഖ്യാതിഥിയായി. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും സംസാരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത് സ്വാഗതവും നിർമാണ കമ്മിറ്റി ചെയർമാൻ പി.ടി ചന്ദ്രൻ നന്ദിയും പറഞ്ഞു.