മാനന്തവാടി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ആര്‍ച്ചറി, വടംവലി മത്സരങ്ങള്‍ സമാപിച്ചു. ആര്‍ച്ചറി മത്സരത്തില്‍ വയനാട് ജില്ല 6 സ്വര്‍ണ്ണവും 1 വെള്ളിയും 5 വെങ്കലവും നേടി ഓവറോള്‍ ചാമ്പ്യന്‍മാരായി. പാലക്കാട്, കണ്ണൂര്‍ ജില്ലകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. വടംവലി മത്സരത്തില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ യഥാക്രമം കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍ വിജയികള്‍ക്ക് മെഡലുകള്‍ നല്‍കി. ജില്ലാ സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍ ജെറില്‍ സെബാസ്റ്റ്യന്‍, റവന്യൂ ജില്ലാ സെക്രട്ടറി ബിജുഷ് കെ. ജോര്‍ജ്ജ് എന്നിവര്‍ ചേര്‍ന്ന് സംസ്ഥാന സ്പോര്‍ട്സ് ഓര്‍ഗനൈസര്‍ ഹരീഷ് ശങ്കറിന് പതാക കൈമാറി രണ്ടു ദിവസമായി നടന്ന കായികമാമാങ്കത്തിന് സമാപനം കുറിച്ചു. പ്രിന്‍സിപ്പാള്‍ സലിം അല്‍ത്താഫ്, ഹെഡ്മിസ്ട്രസ് സി. രാധിക, പി.ടി.എ പ്രസിഡന്റ് പി.പി ബിനു തുടങ്ങിയവര്‍ പങ്കെടുത്തു.
