ശാസ്ത്രത്തിന് പ്രാധാന്യം നൽകിയാണ് പാഠ്യപദ്ധതി പരിഷ്കരണം : മന്ത്രി വി ശിവൻകുട്ടി

കുരുന്നുമനസിലെ ശാസ്ത്ര ചിന്തകൾക്ക് സാംസ്കാരിക നഗരിയിൽ വേദി ഒരുങ്ങി. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാംഗ്ലൂരിലെ വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആന്റ് ടെക്നോളജിക്കൽ മ്യൂസിയവും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ഒരുക്കുന്ന 34-ാമത് സതേൺ ഇന്ത്യ സയൻസ് ഫെയർ 2023 ന് ജില്ലയിൽ തുടക്കം. കാൽഡിയൻ സിറിയൻ ഹയർ സെക്കന്ററി സ്കൂൾ അഞ്ച് നാൾ വേദിയാകുന്ന മേളയുടെ ഔദ്യോഗിക ഉദ്ഘാടനം വിദ്യാഭ്യാസ – തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. കാൽഡിയൻ സ്കൂളിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്ര പരീക്ഷണങ്ങളോടെയാണ് മേളയ്ക്ക് തുടക്കമായത്.

ശാസ്ത്രത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്കരണമാണ് വിദ്യാഭ്യാസ വകുപ്പ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രാവബോധവും യുക്തിചിന്തയും പ്രധാനമാണെന്ന നിലപാടാണുള്ളത്. ഇതൊരു നിരന്തര പ്രവർത്തനമാക്കി മാറ്റേണ്ടതുണ്ട്. നിലവിൽ നടന്നു വരുന്ന ശാസ്ത്രമേളകൾ കൂടുതൽ വിപുലീകരിക്കാനും അർത്ഥ പൂർണ്ണമാക്കാനുമുള്ള നടപടികൾ ആലോചിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു. ഓരോ കുട്ടിയിലും ശാസ്ത്രാവബോധം വളർത്തുക എന്നതാണ് സർക്കാർ ലക്ഷ്യം. ശാസ്ത്രത്തിന് മാത്രമേ ലോകത്തെ മുന്നോട്ട് നയിക്കാനാകൂ. ശൂന്യാകാശ ശാസ്ത്രത്തിലും നാനോ സയൻസിലും നാം മുന്നേറണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ജാതിവ്യവസ്ഥയും അന്ധവിശ്വാസവും സമൂഹത്തിൽ പിടിമുറുക്കുന്ന കാലമാണിത്. പുതിയ തലമുറ ശാസ്ത്രീയമായി ചിന്തിച്ചു കൊണ്ട് ഇതിനെതിരെ പോരാടണം. ശാസ്ത്ര ചിന്തയിലൂടെയും പുതിയ കണ്ടുപിടുത്തങ്ങളിലൂടെയും ലോകത്തിന്റെ നെറുകയിൽ എത്താനാകണമെന്നും വിദ്യാർത്ഥികളോട് മന്ത്രി പറഞ്ഞു. മനുഷ്യന്റെ ജീവിതം കൂടുതൽ സുഖകരവും സമത്വ പൂർണവുമാകാൻ സഹായിക്കുന്ന കണ്ടുപിടുത്തങ്ങൾ സംഭാവന ചെയ്യാൻ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.

കുട്ടികളുടെ ഗവേഷണ താൽപര്യവും ശാസ്ത്രാഭിരുചിയും വളർത്താൻ ഇത്തരം ശാസ്ത്ര മേളകളിലൂടെ സാധിക്കുമെന്ന് ചടങ്ങിന് അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. അവരുടെ ജിജ്ഞാസയും കൗതുകവും സമൂഹത്തിന്റെ വളർച്ചയ്ക്കായി പരിവർത്തനം ചെയ്യുകയാണ് സർക്കാർ. അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തിരിച്ചു വരുന്ന കാലത്ത് അതിനെതിരെ യുക്തിചിന്തയുടെയും വൈജ്ഞാനികതയുടെയും പരിച ഉയർത്തി പിടിക്കാൻ യുവതലമുറയ്ക്ക് സാധിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.

കേരളത്തിന് പുറമെ കർണാടകം,  തെലുങ്കാന, കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ ഇരുനൂറോളം പേരാണ് മേളയുടെ ഭാഗമാവുക. വിദ്യാർത്ഥികൾക്കുള്ള ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങൾക്ക് പുറമെ അധ്യാപകർക്കായി പ്രത്യേക മത്സരങ്ങളും പ്രദർശനങ്ങളും സംഘടിപ്പിക്കും. സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ വിവിധ ദിവസങ്ങളിലായി നടക്കും.

കാൽഡിയൻ സിറിയൻ എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ ടി എൻ പ്രതാപൻ എം പി, പി ബാലചന്ദ്രൻ എംഎൽഎ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, വി ഐ ടി എം ഡയറക്ടർ കെ എ സാധന, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻ ബാബു, കാൽഡിയൻ സിറിയൻ ചർച്ച് കോർപ്പറേറ്റ് മാനേജർ സി.ഡോ. ജീൻസി ഒ യു, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, അഡീഷണൽ ഡിജിഇ എം കെ ഷൈൻ മോൻ, എസ്എസ്കെ ഡിപിസി ഡോ. ബിനോയ് എൻ ജെ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം ശ്രീജ  എന്നിവർ പങ്കെടുത്തു.