വയനാട് ജില്ലയിലെ മൂന്ന് നഗരസഭകളിലും ലോകബാങ്കിന്റെയും ഏഷ്യന്‍ ഇന്‍വെസ്റ്റ്മെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ബാങ്കിന്റെയും സംയുക്ത സഹകരണത്തോടെ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന ഖരമാലിന്യ പരിപാലനത്തിനുള്ള പ്രത്യേക പദ്ധതിയായ കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്റ്റിന്റെ (കെ.എസ്.ഡബ്ല്യു.എം.പി) വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതി അംഗീകാരം നല്‍കി. ജില്ലാ ആസൂത്രണ ഭവനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്.
2022-2027 കാലയളവില്‍ കെ.എസ്.ഡബ്ല്യു.എം.പി വഴി 21 കോടിയാണ് ജില്ലയിലെ നഗരസഭകള്‍ക്ക് ഖരമാലിന്യ പരിപാലനത്തിനായി വകയിരുത്തിയത്. 2022-23 വര്‍ഷത്തില്‍ 2,10,81,744 രൂപയ്ക്കുള്ള പദ്ധതികള്‍ക്കാണ് ഡിപിസി അംഗീകാരം ലഭിച്ചത്. ഒക്ടോബറില്‍ 1,86,54,160 രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുക ഉള്‍പ്പെടുത്തുന്നതിനും, എം.സി.എം/ആര്‍.ആര്‍.എഫ് സംവിധാനത്തില്‍ നിലവിലുള്ള കുറവുകള്‍ നികത്താന്‍ ആവശ്യമായ പ്രോജക്ടുകള്‍ ഉള്‍പ്പെടുത്തി എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനും പ്രത്യേകമായി അനുവദിച്ച അധിക തുകയായ 24,27,584 രൂപയുടെ പദ്ധതികളുടെ അംഗീകാരത്തിനുമാണ് 3 നഗരസഭകള്‍ ഡിപിസിയ്ക്ക് സമര്‍പ്പിച്ചത്. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയുടെ നടത്തിപ്പിനും മോണിറ്ററിങ്ങിനുമായി സംസ്ഥാനതലത്തില്‍ പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റും എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് പ്രോജക്റ്റ് മാനേജ്മെന്റ് യൂണിറ്റും 93 നഗരസഭകളിലും പ്രോജക്റ്റ് ഇംപ്ലിമെന്റേഷന്‍ യൂണിറ്റും സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന യോഗത്തില്‍ ഡി.പി.സി മെമ്പര്‍ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍, ഡിപിസി അംഗങ്ങള്‍, വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
