കെ.ജെ. മാക്സി എം. എൽ. എ യുടെ നേതൃത്വത്തിൽ കൊച്ചി മണ്ഡലത്തിലെ ജനങ്ങൾക്കായി സംഘടിപ്പിച്ച ‘സ്നേഹസ്പർശം കൊച്ചി’ സൗജന്യ മൾട്ടി സ്പെഷ്യലിറ്റി മെഗാ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തത് 12159 പേർ. ബി.പി.സി. എൽ കൊച്ചി റിഫൈനറിയുടെ സാമൂഹിക പ്രതിബദ്ധത ഫണ്ട്‌ ഉപയോഗിച്ച് നടത്തുന്ന ക്യാമ്പിന് സംസ്ഥാന ഫിഷറീസ് വകുപ്പും ധനസഹായം ലഭ്യമാക്കിയിട്ടുണ്ട്.

ബിപിസിഎൽ സീനിയർ മാനേജർ ജോർജ് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കെ. ജെ.മാക്സി എംഎൽഎ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ്.ശ്രീദേവി, ഫിഷറീസ് ഉപഡയറക്ടർ എസ്. ജയശ്രീ, ഐ.എം.എ കൊച്ചി പ്രസിഡണ്ട് ഡോ. ശ്രീനിവാസ കമ്മത്ത്, ഡോ. ജുനൈദ് റഹ്മാൻ, ഡോ. പ്രസന്നകുമാരി, ഫാ.സിജു പാലിയത്തറ, ഫാ. ഡൊമിനിക്, ഡോ മുഹമ്മദ് ജബീൽ തുടങ്ങിയവർ സംസാരിച്ചു.

എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം), എറണാകുളം ദേശീയ ആരോഗ്യ മിഷൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി യൂണിറ്റ് എന്നിവയുടെ നേതൃത്വത്തിൽ സർക്കാർ ആശുപത്രികളിലെയും സ്വകാര്യ ആശുപത്രികളിലെയും ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫും ക്യാമ്പിന്റെ ഭാഗമായി. ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇ. എൻ. ടി, ഗൈനക്കോളജി, ത്വക്ക് രോഗ വിഭാഗം, ഉദരരോഗ വിഭാഗം, നേത്രരോഗ വിഭാഗം, ശ്വാസകോശ രോഗ വിഭാഗം, ശിശുരോഗ വിഭാഗം, അസ്ഥിരോഗ വിഭാഗം, ദന്തരോഗ വിഭാഗം, ക്യാൻസർ, കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി, യൂറോളജി എന്നീ വിഭാഗങ്ങളിൽ ചികിത്സ ലഭ്യമാക്കി.

ക്യാമ്പിൽ പങ്കെടുത്ത് ഡോക്ടർമാർ നിർദ്ദേശിച്ചവർക്ക് മരുന്ന്, കണ്ണട, തിമിര ശസ്ത്രക്രിയ, രക്ത പരിശോധനകൾ, എക്സ് റേ, ഇ സി ജി, സി ടി സ്കാൻ, അൾട്രാ സൗണ്ട് സ്കാൻ, എംആർഐ സ്കാൻ എന്നിവ സൗജന്യമായി വിതരണം ചെയ്തു. 1850 പേരെ ഫോളോ അപ്പ്‌ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.