ജില്ലയിലെ അതിദരിദ്ര വിഭാഗം ജനങ്ങള്‍ക്ക് കരുതലേകാന്‍ മുന്നോട്ട് എത്തി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ മുന്‍കൈ എടുത്ത് നടപ്പിലാക്കുന്ന ‘ചില്‍ഡ്രന്‍സ് ഫോര്‍ ആലപ്പി- ഒരുപിടി നന്മ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ചേര്‍ത്തല തെക്ക് ജി.എച്ച്.എസ.എസില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വഹിച്ചു.

വിശക്കുന്നവര്‍ക്ക് മുന്നില്‍ ഒരു പിടി ഭക്ഷ്യോത്പന്നങ്ങള്‍ എത്തിച്ച് ലോകത്തിന് തന്നെ മാതൃകായാവുകയാണ് ആലപ്പുഴയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ദാരിദ്ര്യം ഇല്ലാതാക്കാന്‍ കുട്ടികള്‍ മുന്‍കൈ എടുക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകതയെന്ന് മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എം.പി മുഖ്യാതിഥിയായി.

പങ്കുവെയ്ക്കലിന്റെ സംസ്‌കാരം മുഖമുദ്രയായുള്ള ആലപ്പുഴ ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണ് ‘ഒരു പിടി നന്മ- ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി’.

എല്ലാ മാസവും ആദ്യത്തെ തിങ്കളാഴ്ച സ്‌കൂളുകളില്‍ ‘കമ്മ്യൂണിറ്റി സര്‍വീസ് ഡേ’ ആയി ആചരിച്ചു കുട്ടികളില്‍ നിന്നും നിത്യോപയോഗ സാധന സാമഗ്രികള്‍ ശേഖരിക്കും. ഇപ്രകാരം ശേഖരിച്ച വസ്തുക്കള്‍ അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്തിക്കും.

ജില്ലയിലെ ഗവണ്മെന്റ്, എയ്ഡഡ്, അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ. ഉള്‍പ്പടെയുള്ള എല്ലാ സ്‌കൂളുകളും ‘ഒരു പിടി നന്മ’ പദ്ധതിയുടം ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.

ചടങ്ങില്‍ ചേര്‍ത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. സിനിമോള്‍, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി. സുജാത, ദാരിദ്ര്യ ലഘൂകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ്കുമാര്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തംഗം രജനി ദാസപ്പന്‍, ചേര്‍ത്തല ഡി.ഇ.ഒ. സി.എസ്. ശ്രീകല, എ.ഇ.ഒ. സി.കെ. ശൈലജ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ബി.എസ്. ജിജബായി, പ്രധാന അധ്യാപിക എസ്. മീര, പി.ടി.എ. പ്രസിഡന്റ് ഡി. പ്രകാശന്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.