പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തമാകുകയാണ് ഈ മേഖലയിൽ സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ. എസ്. ആർ. ടി. സിയുമായി സഹകരിച്ചു എറണാകുളം ബോട്ട് ജെട്ടിക്ക് സമീപം ആരംഭിച്ച മിൽമ ഓൺ വീൽസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിലെ എല്ലാ വീടുകളുടെയും പാൽ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ മിൽമയെ വളർത്തും. അതിനായി ക്ഷീര കർഷകരുടെ എല്ലാ ആവശ്യങ്ങളും യഥാസമയം പരിഹരിച്ചു കൊണ്ടാണ് സർക്കാർ മുന്നോട്ടു പോകുന്നത്. പാൽ വില വർധിപ്പിച്ചത് വഴി അഞ്ചു രൂപയിലധികം ക്ഷീര കർഷകർക്ക് അധികമായി ലഭിക്കുന്നുണ്ട്. തീറ്റപ്പുൽകൃഷി സബ്‌സിഡി, കന്നുകുട്ടി പരിപാലന സബ്‌സിഡി എന്നിവ യഥാസമയം ലഭ്യമാക്കുന്നുണ്ട്. കൂടുതൽ കർഷകരെ ഈ മേഖലയിലേക്ക് കൊണ്ട് വരാൻ സർക്കാർ ശ്രമിക്കുകയാണ്. കെ. എസ്
ആർ. ടി. സി. യുമായി സഹകരിച്ചു മിൽമ ഓൺ വീൽസ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ടി. ജെ വിനോദ് എം. എൽ. എ ആദ്യ വിൽപന നടത്തി. കൗൺസിലർ പത്മജ മേനോൻ ഏറ്റുവാങ്ങി. മേയർ എം. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കളക്ടർ ഡോ. രേണുരാജ്, എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ മാനേജിങ് ഡയറക്ടർ വിൽസൺ ജെ. പുറവക്കാട്ട്, യൂണിയൻ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.