പഠനമികവിന്റെ പാതയൊരുക്കാൻ തയ്യാറാവുകയാണ് കുന്നംകുളം മണ്ഡലത്തിലെ കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെട്ട മരത്തംകോട് ഗവ. ഹയര്‍ സെക്കണ്ടറി വിദ്യാലയം. വിദ്യാലയത്തിൽ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലായി പുതിയ കെട്ടിടനിര്‍മ്മാണത്തിന് ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. എ സി മൊയ്തീൻ എംഎല്‍എ യുടെ പ്രത്യേക ഇടപെടലിന്റെ ഫലമായാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ അനുവദിച്ചത്.

ഹയർ സെക്കൻഡറി വിഭാഗത്തിന് പരിമിതമായ ലാബ് സൗകര്യങ്ങളാണുള്ളത്.ഹയർ സെക്കൻഡറി വിഭാഗത്തിലേക്ക് ആവശ്യമായ കമ്പ്യൂട്ടർ ലാബ് സൗകര്യങ്ങളും ഇല്ല. അറുപതോളം വരുന്ന കുട്ടികൾ നിലവിൽ ഹൈസ്കൂൾ വിഭാഗത്തിലെ കമ്പ്യൂട്ടർ സൗകര്യങ്ങൾ ഉപയോഗിച്ചാണ് പഠനാവശ്യം നിറവേറ്റുന്നത്. ലാബിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ച് വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയാണ് പുതിയ കെട്ടിടത്തിലൂടെ ലക്ഷ്യമിടുന്നത്.

നാട്ടുകാരുടെ നിരന്തരപരിശ്രമഫലമായാണ് 1974 ൽ സർക്കാർ മരത്തംകോട് ഹൈസ്കൂൾ അനുവദിച്ചത്. ആദ്യ വർഷം 325 വിദ്യാർത്ഥികളാണ് പ്രവേശനം നേടിയത്. വിദ്യാലയത്തിന് സ്ഥലം കണ്ടെത്തുക എന്ന വലിയ വെല്ലിവിളി മറികടന്നത് മിച്ചഭൂമി സമരത്തെത്തുടർന്ന് കാട്ടകാമ്പാൽ ചാക്കുണ്ണി ഇയ്യപ്പന്റെ 90 ഏക്കർ സ്ഥലം സർക്കാരിലേക്ക് ഏറ്റെടുക്കുവാൻ പോകുന്ന വിവരം അറിഞ്ഞ് ജനകീയകമ്മറ്റി രൂപീകരിച്ചതോടെയാണ്. അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങൾ സർക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തൻകോട് കാടുപിടിച്ച കുന്നിൻ പ്രദേശം 90 ഏക്കർ സർക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിർദ്ദേശം മുന്നോട്ടുവച്ചു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യുകയും പിന്നീട് അത് ഗവൺമെന്റിലേക്ക് തീറ് നൽകുകയും ചെയ്തു.

2010-11 അധ്യയ വർഷത്തിലാണ് വിദ്യാലയത്തിന് പ്ലസ്ടു അനുവദിച്ചത്. ഹ്യൂമാനിറ്റീസ്, സയൻസ് (ബയോളജി) എന്നീ കോഴ്സുകളിലായി 234 കുട്ടികളും രണ്ട് ലാബ് അസിസ്റ്റന്റ് അടക്കം 13 അധ്യാപകരുമാണ് ഉള്ളത്. കൊമേഴ്സ് ബാച്ചിന് (കോഡ് 39 )അപേക്ഷിച്ചിട്ടുണ്ട്. അനുമതി ലഭ്യമായാൽ പുതിയ കെട്ടിടം വരുന്നതോടെ കൊമേഴ്സിനും കൂടി ആവശ്യമായ ലാബ് റൂമുകളും സജ്ജീകരിക്കാനാകും.