ഉണ്യാൽ ബീച്ചിലെ ടൂറിസം പദ്ധതി ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് വഴിയൊരുക്കുമെന്ന് കായിക ഹജ്ജ് വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാൻ അഭിപ്രായപ്പെട്ടു. ശ്യാമ പ്രസാദ് മുഖർജി റൂർബൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി 2.62 കോടി ചെലവിൽ നിറമരുതൂർ പഞ്ചായത്തിലെ ഉണ്യാൽ ബീച്ചിൽ നടപ്പിലാക്കുന്ന ടൂറിസം പദ്ധതി ഒന്നാം ഘട്ടം പ്രവൃത്തി ഉദ്ഘാടനം ഉണ്യാൽ അഴീക്കൽ വെച്ച് നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.  അഴീക്കൽ തടാകത്തിലൂടെ ബോട്ടിങ് ആരംഭിച്ചു കഴിഞ്ഞാൽ കനോലി കനാലുവരെ അത് ഉപയോഗപ്പെടുത്താനാവും. അതിനായി റോഡിനടിയിലൂടെ ജലപാത നിർമ്മിക്കും. പദ്ധതി യാഥാർത്ഥ്യമായി സഞ്ചാരികൾ വരുന്നതോടുകൂടി സമീപവാസികൾക്കും ചെറുകിട കച്ചവടക്കാർക്കും സാമ്പത്തികമായി സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒന്നാം ഘട്ട പ്രവൃത്തിയുടെ ഭാഗമായി ഉണ്യാൽ അഴീക്കൽ തടാകം ബോട്ടിങിനായ ആഴം വർദ്ധിപ്പിക്കാൻ , തടാക തീരത്തിന് സമാന്തരമായി 137 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ഉള്ള നടപ്പാത, ഷോപ്പിങ് , ഭക്ഷണശാലകൾ എന്നിവക്കായി കടമുറികൾ ശൗച്യാലയം എന്നിവ അടങ്ങുന്ന കെട്ടിടസമുച്ചയം, വെള്ളത്തിലൂടെ നെതർലാന്റ് മോഡൽ നടപ്പാത എന്നിവ ഉൾപ്പെടുന്നു. ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ടമായി ഉണ്യാൽ ബീച്ച് സൗന്ദര്യ വത്ക്കരണത്തിന് 3.2 കോടിയുട പദ്ധതിയും അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ പ്രവൃത്തിയും വൈകാതെ തുടങ്ങും. കൂടാതെ എം എൽ എ ആസ്തിവികസന പദ്ധതിയിൽ നിന്ന് അമ്പത് ലക്ഷം വേറെയും അനുവദിച്ചിട്ടുണ്ട്. ഉണ്യാൽ മേഖലയുടെ ടൂറിസം വികസനത്തിന് വലിയൊരു വഴിത്തിരിവായിരിക്കും ഈ പദ്ധതി.

ചടങ്ങിൽ നിറമരുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഇസ്മായിൽ ആദ്ധ്യക്ഷത വഹിച്ചു. താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൽമത്ത് മുഖ്യാതിഥിയായിരുന്നു. ഹാർബർ എഞ്ചിനീയറിങ് വകുപ്പ് സൂപ്രണ്ടിങ് എഞ്ചിനീയർ മുഹമ്മദ് അൻസാരി റിപ്പോർട്ട് അവതരിപ്പിച്ചു. നിറമരുതൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.പി സൈതലവി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.ഇ.എം ഇക്ബാൽ, താനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ പ്രേമ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് മെമ്പർ പി ഷഹദുള്ള, ബ്ലോക്ക് ഡെവലപ്‌മെൻറ് ഓഫീസർ ജോസ് കുമാർ എസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംസാരിച്ചു.