ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണത്തിന് വിപുലമായ പരിപാടികൾ: മന്ത്രി കെ രാജൻ

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റസിഡൻഷ്യൽ സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലന ക്യാമ്പിന് തുടക്കം. ഹയർ സെക്കന്ററി വിഭാഗം വിദ്യാർത്ഥികളിൽ നിന്ന് “പാസ്സ്‌വേർഡ്” ആദ്യ ഘട്ടമായ ട്യൂണിംഗ് ക്യാമ്പുകളിലൂടെ തെരഞ്ഞെടുക്കപ്പെട്ട 70 പേരാണ് ക്യാമ്പിന്റെ ഭാഗമായത്. റവന്യൂമന്ത്രി കെ രാജൻ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ന്യൂനപക്ഷ വിദ്യാർത്ഥികളുടെ ശാക്തീകരണം ലക്ഷ്യമിട്ട് വിപുലമായ പരിപാടികളാണ് സർക്കാർ നടപ്പാക്കുന്നതെന്നും അവയ്ക്ക് കൂടുതൽ കരുത്ത് പകരുന്നതാണ് ഇത്തരം പരിശീലന പരിപാടികളെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാർ നടത്തുന്നത്. പൊതുവിദ്യാഭ്യാസ രംഗത്ത് ആര്‍ജ്ജിച്ചെടുത്ത നേട്ടങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയുടെയും ഭാഗമാക്കും. ലോകത്തുള്ള മുഴുവന്‍ പേര്‍ക്കും വന്നുചേരാന്‍ കഴിയുന്ന വിധത്തില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളോടെ ഉന്നതവിദ്യാഭ്യാസ മേഖലയെ മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ലോകത്തിലെ തന്നെ പൊതുവിദ്യാഭ്യാസ കേന്ദ്രമായി കേരളം മാറി. യജ്ഞത്തിലൂടെ പൊതു വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളിലുണ്ടായത് വലിയ മാറ്റമാണെന്നും മന്ത്രി പറഞ്ഞു.

വിദ്യാര്‍ത്ഥികൾക്ക് അഭിരുചിക്കനുസരിച്ച് ഉന്നത വിദ്യാഭ്യാസത്തിനായി ഏതെല്ലാം കോഴ്‌സുകള്‍ തെരഞ്ഞെടുക്കാം, അതിലെ സാധ്യതകള്‍ എന്തെല്ലാം തുടങ്ങി വിവിധ മേഖലകളെ ഉള്‍പ്പെടുത്തിയാണ് ‘പാസ്സ്‌വേർഡ്’ എന്ന പേരില്‍ ക്യാമ്പ് നടത്തിയത്. ജില്ലയിലെ 7 ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് 700 പേരും 3 കോളേജിൽ നിന്ന് 300 പേരും ട്യൂണിംഗ് ക്യാമ്പിന്റെ ഭാഗമായി. ഇതിൽ നിന്ന് തെരഞ്ഞെടുത്ത 70 ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായാണ് പരിശീലന ക്യാമ്പ്. ഹൈസ്കൂളിൽ നിന്ന് 500 വിദ്യാർത്ഥികൾക്കുള്ള ആദ്യ ഘട്ട പരിശീലനം ഫെബ്രുവരി മാസം നടക്കും. ഹൈസ്കൂൾ മുതൽ കോളേജ് തലം വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അനുയോജ്യമായ പരിശീലനം നൽകുകയാണ് പാസ്സ്‌വേർഡ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കരിയറിനൊപ്പം വിദ്യാര്‍ത്ഥികളിലെ വ്യക്തിഗത വികസനവും ക്യാമ്പിലൂടെ ഉദ്ദേശിക്കുന്നു.

തൃശൂർ ബിഷപ്പ് ഹൗസിന് സമീപമുള്ള ഡിബിസിഎൽസി ഹാളിൽ നടന്ന ചടങ്ങിൽ ദുരന്ത നിവാരണം ഡെപ്യൂട്ടി കലക്ടർ കെ എസ് പരീത് അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ ഡോ.എം ബി ഹംസ, എക്സൽ സ്റ്റഡി സെന്റർ ഡയറക്ടർ ഫാദർ ഫ്രാൻസിസ് ആളൂർ തുടങ്ങിയവർ പങ്കെടുത്തു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിൽ വിദഗ്ധർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും.