നവകേരളം കര്‍മ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ സഹായത്തോടെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ബ്ലോക്കിലെ 8 പഞ്ചായത്തുകളിലെയും തിരഞ്ഞെടുത്ത ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റി പരിശീലനം നല്‍കി. എം.സി.എഫ് /എം.ആര്‍.എഫ് കേന്ദ്രങ്ങളില്‍ തീപിടുത്ത സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍ കരുതല്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് പരിശീലനം നല്‍കിയത്. വെള്ളിമാടുകുന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാഘര്‍ ഹാളില്‍ നടന്ന പരിപാടി കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വെള്ളിമാടുകുന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ഒ.കെ അശോകന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഓഫീസര്‍ സിനീഷ്, ഹോം ഗാര്‍ഡ് ബാലകൃഷ്ണന്‍ എന്നിവര്‍ പരിശീലനം നയിച്ചു. അഗ്നിസുരക്ഷ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍, പൊള്ളലേറ്റല്‍ ചെയ്യണ്ട കാര്യങ്ങള്‍, അഗ്നിശമന ഉപകരണം ഉപയോഗിക്കേണ്ട രീതികള്‍, ഗ്യാസ് കുറ്റികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യാം, സിപിആര്‍ നല്‍കേണ്ട രീതി, ഭക്ഷണമോ മറ്റോ തൊണ്ടയില്‍ കുടുങ്ങിയാല്‍ രക്ഷപെടുത്തേണ്ട രീതി, പാമ്പ് കടിയേറ്റല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ എന്നിവയെ കുറിച്ച് ക്ലാസ്സ് എടുത്തു.

എം.സിഎഫിലേക്ക് എത്തിക്കാന്‍ പാടില്ലാത്ത പാഴ് വസ്തുക്കള്‍, എം.സി.എഫില്‍ ജോലി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മുന്‍കരുതല്‍, എം.സി.എഫ്, എം.ആര്‍.എഫുകളിലെ തീപിടുത്ത സാധ്യത ഒഴിക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ എന്നിവ സംബന്ധിച്ചു ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ക്ലാസ്സെടുത്തു. പരിപാടിയില്‍ ബ്ലോക്ക് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ലിനീഷ്, പെരുവയല്‍ ഹരിതകര്‍മ്മസേന സെക്രട്ടറി സ്മിത എന്നിവര്‍ സംസാരിച്ചു. ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കുള്ള സംശയ ദൂരികരണം നടത്തി. ബ്ലോക്കിലെ ഓരോ പഞ്ചായത്തുകളില്‍ നിന്നും 10 ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്ന നിലയില്‍ തിരഞ്ഞെടുത്ത 80 അംഗങ്ങള്‍ പരിശീലനത്തില്‍ പങ്കെടുത്തു.