രണ്ടാഴ്ച നീണ്ടുനിൽക്കുന്ന കുഷ്ഠരോഗ ബോധവൽക്കരണ പരിപാടിയായ സ്പർശ് ലെപ്രസി അവെയർനസ് ക്യാമ്പയിന് ( എസ് എൽ എ സി ) ജില്ലയിൽ തുടക്കം. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്ററിൽ ( ജെ എം എം സി & ആർ ഐ) നടന്ന ചടങ്ങിൽ ജെ എം എം സി & ആർ ഐ ഡയറക്ടർ റവ.ഫാദർ റെന്നി മുണ്ടൻകുര്യൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെയുള്ള രണ്ടാഴ്ചക്കാലമാണ് സ്പര്‍ശ്’ ബോധവത്ക്കരണ പരിപാടി നടത്തുന്നത്.

കുഷ്ഠരോഗത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ടുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കുക, രോഗബാധിതർക്ക് സമൂഹത്തിൽ നിന്ന് നേരിടേണ്ടി വരുന്ന പലതരത്തിലുള്ള വേർതിരിവുകൾ ഒഴിവാക്കുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യനീതി വകുപ്പ്, ട്രൈബൽ ഡിപ്പാർട്ട്മെന്റ്, വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവി ടി പി, ജില്ലാ ലെപ്രസി ഓഫീസർ ഡോ.സതീഷ് കെ എൻ, അസിസ്റ്റന്റ് ലെപ്രസി ഓഫീസർ നസീബ്ദീൻ, ജെ എം എം സി & ആർ ഐ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. ലക്കി റാഫേൽ, ജെ എം എം സി & ആർ ഐ വൈസ് പ്രിൻസിപ്പൽ ഡോ. പത്മകുമാർ കെ, ജെ എം എം സി & ആർ ഐ ഡിപ്പാർട്ട്മെന്റ് ഓഫ് കമ്മ്യൂണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രൊഫസർ ഡോ.രാധിക കണ്ണൻ എന്നിവർ പങ്കെടുത്തു.