ആഴ്ചയിലൊരു ദിവസം വടക്കേചിറ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതും പരിഗണനയിൽ

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസങ്ങളിലായി വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും ഏകോപിപ്പിച്ച് ഒരേ സമയത്ത് ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി കെ രാജന്റെ അധ്യക്ഷതയില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ ആലോചനാ യോഗം ചേര്‍ന്നു.

തൃശൂര്‍ കോര്‍പറേഷന്റെ നേതൃത്വത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സുമായി ചേര്‍ന്നുള്ള ഷോപ്പിംഗ് ഫെസ്റ്റിവല്‍, സാഹിത്യ അക്കാദമിയുടെ ബുക്ക് ഫെയര്‍, ലളിതകലാ അക്കാദമിയുടെ സ്ട്രീറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍, സംഗീത നാടക അക്കാദമിയുടെ അന്താരാഷ്ട്ര നാടകോത്സവം തുടങ്ങിയ പരിപാടികള്‍ ഈ കാലയളവിലാണ് നടക്കുന്നത്. ഇവയോടൊപ്പം അടുത്ത വര്‍ഷം തൃശൂരില്‍ നടക്കുന്ന അന്താരാഷ്ട്ര സാഹിത്യോത്സവം കൂടി ഏകോപിപ്പിച്ച് ഒരേ സമയത്ത് നടത്താനായാല്‍ സാംസ്‌ക്കാരിക തലസ്ഥാനമായ തൃശൂരിനെ ഉത്സവങ്ങളുടെ കേന്ദ്രമാക്കി മാറ്റിയെടുക്കാനാവുമെന്ന് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഇതിന്റെ സാധ്യതയെ കുറിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ മുന്നോട്ടുവച്ച ആശയം, ജില്ലയിലേക്ക് കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ടൂറിസം ഉള്‍പ്പെടെയുള്ള മേഖലയ്ക്ക് ശക്തിപകരാനും സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വിവിധ ആഘോഷ, ഉത്സവ പരിപാടികള്‍ വെവ്വേറെ നടത്തുന്നതിനു പകരം അവയെല്ലാം ഏകീകൃത സ്വഭാവത്തോടെ സംഘടിപ്പിക്കുന്നത് പരിപാടികളെ കൂടുതല്‍ ജനകീയമാക്കാനും അവയുടെ മികവ് വര്‍ധിപ്പിക്കാനും സഹായിക്കുമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ പറഞ്ഞു. ജില്ലയിലെ അക്കാദമികള്‍, തദ്ദേശ സ്ഥാപനങ്ങള്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സഹകരണത്തോടെ ഇത് വലിയ വിജയമാക്കാന്‍ കഴിയുമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു.

അതോടൊപ്പം, വടക്കേചിറയുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് വടക്കേചിറ സ്ട്രീറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ചും യോഗം ആലോചന നടത്തി. വടക്കേചിറയോട് ചേര്‍ന്നു കിടക്കുന്ന റോഡുകള്‍ കൂടി ഉള്‍പ്പെടുത്തി ആഴ്ചയില്‍ ഒരു വൈകുന്നേരം കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, വിപണനം, കലാ പ്രദര്‍ശനങ്ങള്‍, മത്സരങ്ങള്‍, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ യോഗം ചേരാനും ചര്‍ച്ചയില്‍ തീരുമാനമായി.

യോഗത്തില്‍ സബ് കലക്ടര്‍ മുഹമ്മദ് ശഫീഖ്, ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത്, സെക്രട്ടറി എന്‍ ബാലമുരളീകൃഷ്ണന്‍, സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി, അഡീഷനല്‍ എസ്പി ബിജു കെ സ്റ്റീഫന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ഡോ. കൃപകുമാര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് ടി യു പ്രസന്നകുമാര്‍, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ഡെപ്യൂട്ടി കമ്മീഷണര്‍ പി ബിന്ദു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുല്‍ കരീം, കേരള സാഹിത്യ അക്കാദമി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ എസ് സുനില്‍ കുമാര്‍, അസി. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ആര്‍ രത്‌നേഷ്, സ്‌കൂള്‍ ഓഫ് ഡ്രാമ അസിസ്റ്റന്റ് പ്രൊഫസര്‍ എ നജീമുല്‍ ഷാഹി, ചേംബര്‍ ഓഫ് ജോയിന്റ് സെക്രട്ടറി കുര്യപ്പന്‍ കെ എരിഞ്ഞേരി, വജ്രജൂബിലി ഫെലോഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍ സുബീഷ് ഇ എസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ എം എ സെയ്തു മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു.