സാംസ്കാരിക ടൂറിസം സാധ്യത വർദ്ധിച്ചുവരികയാണെന്നും കേരള കലാമണ്ഡലത്തെ ടൂറിസം ഹബ്ബാക്കി മാറ്റുമെന്നും ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കലാമണ്ഡലത്തിൽ പത്ത് ദിവസങ്ങളിലായി നടന്നുവന്ന നിള ദേശീയ നൃത്ത സംഗീതോത്സവത്തിന്റെ സമാപന സമ്മേളനം കൂത്തമ്പലത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സർവ്വകാല റെക്കോർഡ് എത്തിയ വർഷമാണ് കടന്നുപോയത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ സഞ്ചാരികളെത്തി. സംസ്ഥാനത്തെ ആഘോഷങ്ങളും ടൂറിസത്തിന് വലിയ സംഭാവന നൽകുന്നുണ്ട്. ടൂറിസം വകുപ്പിന്റെ ഡിസൈൻ പോളിസി ശില്പശാലയിൽ കലാമണ്ഡലത്തിൻ്റെ ടൂറിസം സാധ്യത പ്രതിപാദിച്ചിട്ടുണ്ട്. കലാമണ്ഡലം ഒരു ടൂറിസം കേന്ദ്രമായി മാറ്റുന്നത് പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു.
കേരള കലാമണ്ഡലം വൈസ് ചാൻസിലർ പ്രൊഫ. എം വി നാരായണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷറഫ് കെ എം, വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷെയ്ക്ക് അബ്ദുൽ ഖാദർ എന്നിവർ വിശിഷ്ടാതിഥികളായി. ഭരണസമിതി അംഗങ്ങളായ ടി കെ വാസു, ഡോ. എൻ ആർ ഗ്രാമപ്രകാശ്, കെ രവീന്ദ്രനാഥ്, ഡോ. കലാമണ്ഡലം കനക കുമാർ, വി ആഷിക് എന്നിവർ സംസാരിച്ചു. കലാമണ്ഡലം രജിസ്ട്രാർ ഡോ. രാജേഷ് കുമാർ പി സ്വാഗതവും സ്വാഗതസംഘം ജനറൽ കൺവീനർ സുധീർ പുതിയപറമ്പത്ത് നന്ദിയും പറഞ്ഞു.