ജില്ലയിലെ രോഗികളുടെ വർദ്ധനവനുസരിച്ചു ഡോക്ടർമാരുടെ സേവനം വർധിപ്പിക്കണമെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾക്ക് പരിഹാരം തദ്ദേശതലത്തിൽ തന്നെ നിർണയിക്കാൻ കഴിയുന്നതരത്തിൽ ആർദ്രം മിഷന് കീഴിൽ പദ്ധതികൾ വരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ആസൂത്രണ ഭവൻ ഹാളില്‍ നടന്ന നവകേരളം കര്‍മ്മ പദ്ധതി രണ്ട് ജില്ലാ മിഷൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായ ഹരിതകേരളം മിഷന് നല്ല സ്വീകാര്യത ഉണ്ട്. എന്നാൽ തദ്ദേശതലത്തിൽ അതിന്റെ പ്രവർത്തനം വ്യാപിപ്പിക്കേണ്ടതുണ്ട്. ജല ഗുണനിലവാര പരിശോധന വ്യാപിപ്പിക്കുന്നതിന് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യണം. കൂടുതൽ ലാബുകൾ ഇതിനായി അടിയന്തരമായി വിനിയോഗിക്കണമെന്നും മന്ത്രി നിർദേശിച്ചു.

നവകേരളം കര്‍മ്മ പദ്ധതിയിലെ ഹരിത കേരളം, ലൈഫ്, വിദ്യാകിരണം, ആര്‍ദ്രം മിഷനുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടും നടപ്പ് വര്‍ഷത്തെ പദ്ധതികളും ജില്ലാ കോര്‍ഡിനേറ്റര്‍മാർ യോഗത്തിൽ അവതരിപ്പിച്ചു. ക്ലീൻ കേരള കമ്പനിയുടെ ഈ വർഷത്തെ പാഴ്വസ്തുക്കൾ സ്വീകരിക്കുന്ന കലണ്ടർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ റവന്യൂ മന്ത്രി കെ രാജന് നൽകി പ്രകാശനം ചെയ്തു.

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹരിത കര്‍മ സേനകളുടെ പ്രവര്‍ത്തനം സജീവമാണെന്നും ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് ആപ്പ് പ്രവര്‍ത്തനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കാര്യക്ഷമമാക്കാനുള്ള നടപടികള്‍ എടുക്കുമെന്നും ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ സി ദിദിക പറഞ്ഞു. വാർഡ് അടിസ്ഥാനത്തിൽ കാര്യക്ഷമമായി ഹരിതസേന അംഗങ്ങളില്ലാത്തതും അവർക്ക് കിട്ടുന്ന വരുമാനക്കുറവും പരിഹരിക്കാൻ പഞ്ചായത്ത് തലത്തിൽ നടപടിയെടുക്കും. നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ ക്യാമ്പയിന്‍ ജില്ലയിലെ അഞ്ചു പഞ്ചായത്തുകളിൽ നടപ്പിലാക്കുമെന്നും മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു.

നീരുറവ് പദ്ധതിയുടെ ഭാഗമായി സമഗ്ര നീർത്തട കരട് ഡിപിആർ ജില്ലയിലെ എല്ലാ പഞ്ചായത്തുകളും ഏപ്രിൽ 25ന് മുൻപ് സമർപ്പിക്കുമെന്ന് എം എൻ ആർ ഇ ജി എസ് അസിസ്റ്റന്റ് എഞ്ചിനീയർ പഞ്ചമി യോഗത്തിൽ അറിയിച്ചു. ലൈഫ് മിഷൻ പദ്ധതി കാര്യക്ഷമായി നടപ്പിലാക്കാൻ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വിഇഒമാരുടെ യോഗം ഉടൻ വിളിച്ചു ചേർക്കാൻ യോഗത്തിൽ തീരുമാനമായി. ആർദ്രം മിഷന്റെ ഭാഗമായി ജില്ലയിലെ ആറ് ആരോഗ്യ ഉപകേന്ദ്രങ്ങളിലെ ക്ലിനിക്കുകൾ തുറന്നു പ്രവർത്തിക്കും. ശൈലീ ആപ്പിന്റെ ഭാഗമായി ജില്ലയിലെ ജീവിതശൈലീ രോഗനിർണയ സ്ക്രീനിംഗ് മുന്നോട്ട് പോവുന്നുണ്ട്. ആർദ്രം രണ്ടാംഭാഗം പരിശീലനം അടുത്തമാസം കിലയിൽ വെച്ച് 12 ബാച്ചുകളിലായി നടത്തുമെന്നും കോ ഓർഡിനേറ്റർ ഡോ.നിബിൻ കൃഷ്ണ അറിയിച്ചു.

വിദ്യകിരണം പദ്ധതിയിൽ ജില്ലയിലെ 69 സ്കൂൾ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയായതായി വിദ്യകിരണം ജില്ലാ കോ ഓർഡിനേറ്റർ ടി വി മദന്മോഹനൻ അറിയിച്ചു. ജൽ ജീവൻ മിഷനുമായി ചേർന്ന് 54 സ്കൂളുകളിൽ ആരംഭിച്ച ജല പരിശോധനാ ലാബുകൾ വഴി ഗുണനിലവാര പരിശോധന വ്യാപിപ്പിക്കും.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കളക്ടർ ഹരിത വി കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷൻ ജില്ലാ പ്രസിഡൻറ് എസ് ബസന്ത് ലാൽ, ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ദിദിക സി, ലൈഫ് ജില്ലാ കോർഡിനേറ്റർ ജയ് പി ബാൽ, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ ടി വി മദനമോഹനൻ, ആർദ്രം ജില്ലാ കോർഡിനേറ്റർ ഡോ.നിബിൻ കൃഷ്ണ, വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.