പാഴൂരില് നിന്നുള്ള പമ്പിംഗ് വാട്ടര് അതോറിറ്റി പുനരാരംഭിച്ചു. തകരാറിലായ പമ്പുകളില് ഒന്നിന്റെ അറ്റകുറ്റപ്പണിയാണ് പൂര്ത്തീകരിച്ചത്. രണ്ടാമത്തെ പമ്പിന്റെ അറ്റകുറ്റപ്പണിയും ഉടന് പൂര്ത്തിയാകും. ചൊവ്വാഴ്ച രാവിലെ എട്ടിനാണ് പമ്പിംഗ് പുനരാരംഭിച്ചത്. രണ്ടു ദിവസത്തിനകം ജലവിതരണം സാധാരണ നിലയിലാകും.
കൊച്ചി കോര്പ്പറേഷന്, മരട് നഗരസഭ എന്നിവിടങ്ങളിലും ചെല്ലാനം, കുമ്പളങ്ങി, കുമ്പളം പഞ്ചായത്തുകളിലും കുടിവെള്ളം വിതരണം ചെയ്യുന്ന മരട് ജലശുദ്ധീകരണശാലയിലേക്ക് വെളളമെത്തിക്കുന്ന പാഴൂർ പമ്പ് ഹൗസിലെ പമ്പുകള് തകരാറിലായതിനെ തുടര്ന്നാണ് ഈ പ്രദേശങ്ങളില് കുടിവെള്ള ക്ഷാമം നേരിട്ടത്. മുവാറ്റുപുഴയാറിൽ നിന്നാണ് വെള്ളം പമ്പു ചെയ്യുന്നത്.
100 എം.എല്.ഡി സംഭരണശേഷിയുള്ള മരടിലെ ജലശുദ്ധീകരണ ശാലയിൽ 96 എം എല് ഡി വെള്ളമാണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല് 804 എച്ച് പി ശേഷിയുള്ള മൂന്ന് പമ്പ് സെറ്റുകളില് രണ്ടെണ്ണം തകരാറിലായതോടെയാണ് ജല വിതരണം പ്രതിസന്ധിയിലായത്.
ഷാഫ്റ്റിനുണ്ടായ തകരാറിനെ തുടര്ന്നാണ് പമ്പ് പ്രവര്ത്തനരഹിതമായത്. പമ്പിന്റെ ഷാഫ്റ്റിന്റെ ജോലികള് മുളന്തുരുത്തിയിലും ബുഷിന്റെ ജോലികള് പുത്തന്വേലിക്കരയിലുമായാണ് പൂര്ത്തിയാക്കിയത്. പമ്പുകള് ടാങ്കില് നിന്ന് ഉയര്ത്തിയാണ് തകരാര് പരിഹരിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള വിദഗ്ധരടക്കം എത്തിയാണ് പമ്പിന്റെ തകരാര് പരിഹരിച്ചത്.